
മടിക്കൈ: തെരുവില്‍ അലഞ്ഞുതിരിഞ്ഞ കുഷ്ഠ രോഗികളും മാറാരോഗികളും മാനസിക രോഗികളും ഉള്‍പ്പെടെ രണ്ടായിരത്തോളം മനുഷ്യരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മടിക്കൈ മലപ്പച്ചേരിയിലെ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളോടൊപ്പം ആറങ്ങാടി അര്‍റഹ്മ സെന്റര്‍ സംഘടിപ്പിച്ച പെരുന്നാള്‍ ആഘോഷം വേറിട്ടതായി. ഏറെ സ്‌നേഹിച്ച് പോറ്റിവളര്‍ത്തിയ മക്കള്‍ ജീവിതത്തിന്റെ അവസാന കാലത്ത് നടതള്ളിയപ്പോള്‍ അവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് എം എം ചാക്കോ എന്ന ദയാലുവായ മനുഷ്യന്‍ ആരംഭിച്ചതാണ് മലബാര്‍ പുനരധിവാസ കേന്ദ്രം. രണ്ട് വര്‍ഷം മുമ്പ് ചാക്കോ വിട പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഷീല ചാക്കോയും മക്കളായ സുസ്മിത ടീച്ചറും മനുവും സ്ഥാപനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
മനോനില തെറ്റിയവരും രോഗികളും ഉള്‍പ്പെടെ 150 ഓളം അന്തേവാസികള്‍ ഇപ്പോള്‍ ഈ കേന്ദ്രത്തിലുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 17 ഓളം ജീവനക്കാരും സ്ഥാപനത്തിലുണ്ട്. ജില്ലയിലെ പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനങ്ങളിലൊന്നായ ആറങ്ങാടി അര്‍റഹ്മ സെന്റര്‍ മലബാര്‍ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കി പെരുന്നാള്‍ ആഘോഷം ഹൃദ്യമാക്കി.
ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടിയുടെ അധ്യക്ഷതയില്‍ കെ എം സിസി ദുബായി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ട് എം കെ അബ്ദുല്ല ആറങ്ങാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ സുസ്മിത ടീച്ചര്‍ സ്ഥാപന പരിചയം നടത്തി. ജന. കണ്‍വീനര്‍ മുത്തലീബ് കൂളിയങ്കാല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം കെ റഷീദ് ഹാജി, വൈസ് ചെയര്‍മാന്‍ സി എച്ച് അസീസ്, കണ്‍വീനര്‍മാരായ ഇബ്രാഹിം പള്ളിക്കര, എ പി കരീം, ഡയരക്ടര്‍മാരായ ടി ഖാദര്‍ ഹാജി, എം കെ അബ്ദു റഹ്മാന്‍, ഹാഷിം ആറങ്ങാടി ടി റംസാന്‍, സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, കെ മുഹമ്മദ് കുഞ്ഞി, എ കെ മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ ബഹ്‌റൈന്‍, ആറങ്ങാടി ജമാഅത്ത് ജോയിന്റ് സെക്രട്ടറി ഫസലു റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.