മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഫിനാൻസ് ചുമതല ഉള്ള ഉദ്യോഗസ്ഥനെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുള്ളത്.കൊച്ചിയിലെ ഓഫീസിൽ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി.
കഴിഞ്ഞ മാസമാണ് ഇ ഡി കൊച്ചി യൂണിറ്റ് കേസ് ഏറ്റെടുത്തത്. എസ് എഫ് ഐ ഒ യുടേയും ആദായ നികുതി വകുപ്പിൻ്റെയും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇ ഡി കേസ് ഏറ്റെടുത്തത്. കേന്ദ്ര സർക്കാരിൻ്റെ എസ് എഫ് ഐ ഒ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കേസിൽ ഇ ഡി അന്വേഷണവും ആരംഭിച്ചിരിക്കുന്നത്.
വീണ വിജയനും അവരുടെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിനും കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷണം തുടരുന്നതിനിടെയാണ് ഇഡി അ്വേഷണവും നടക്കുന്നത്.