പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്ത മൂന്ന് അമ്മമാർക്കെതിരെ പോലീസ് കേസെടുത്തു. വ്യത്യസ്ത സംഭവങ്ങളിൽ ബേക്കൽ, ചന്തേര, വിദ്യാനഗർ പോലീസ് സ്റ്റേഷനുകളിലാണ് അമ്മമാർക്കെതിരെ കേസെടുത്തത്.ബാര എരോൽ എ എം ഹൗസിൽ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫൗസിയക്കെതിരെ ബേക്കൽ പോലീസും പടന്ന തെക്കേക്കാട് ബൈത്തുൽ നൂർ ഹൗസിൽ അഹമ്മദിന്റെ ഭാര്യ കെ സി നസീറക്കെതിരെ ചന്തേര പോലീസും നെക്രാജെ ബാലനടുക്കത്തെ അബ്ദുൽ റസാക്കിന്റെ ഭാര്യ ദൈനബിക്കെതിരെ വിദ്യാനഗർ പോലീസുമാണ് കേസെടുത്തത്. മൂന്നുപേരുടെയും പ്രായപൂർത്തി ആകാത്ത മക്കളെ വിവിധ സ്ഥലങ്ങളിൽ വച്ച് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിനിടയിൽ പോലീസ് പിടികൂടുകയായിരുന്നു. കുട്ടികൾക്കും പൊതുജനങ്ങൾക്കും അപകടം ഉണ്ടാക്കുമെന്ന് അറിഞ്ഞുകൊണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തു എന്നതിനാണ് ഇവർക്കെതിരെ പോലിസ് കേസെടുത്തത്