കാസർകോട്: മഞ്ചേശ്വരം കോഴക്കേസിൽ ഒത്തുകളി നടന്നുവെന്ന് പരക്കെ ആക്ഷേപിച്ചവർക്ക്, കീഴ്‌ക്കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്‌തതോടെ എന്താണ് പറയാനുള്ളതെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ചോദിച്ചു. കാസർകോട് സെഷൻസ് കോടതിയുടെ വിധി നിയമപരമല്ലെന്ന പ്രോസിക്യൂഷന്റെയും എൽഡിഎഫിന്റെയും വാദങ്ങളാണ് ഇപ്പോൾ ഹൈക്കോടതിയും അംഗീകരിച്ചത്. കെ സുരേന്ദ്രനെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും തീർത്തും സാങ്കേതികത്വം പറഞ്ഞാണ് കേസ് വിടുതൽ ചെയ്‌തത്.
മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് അഴിമതി നടന്നുവെന്ന് പൊലീസിലും കോടതിയിലും പരാതിപ്പെട്ടത് എൽഡിഎഫ് സ്ഥാനാർഥി വി വി രമേശനാണ്. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന സുന്ദരയും അമ്മയും ഹൊസ്‌ദുർഗ് കോടതിയിൽ സിആർപിസി പ്രകാരമുള്ള 164 പ്രസ്‌താവനയും നൽകി. ഭീഷണിപ്പെടുത്തി, പണവും മൊബൈൽ ഫോണും വാങ്ങിപ്പിച്ചു എന്നതടക്കമുള്ള മൊഴിയാണുണ്ടായത്. ഇതൊന്നും സെഷൻസ് കോടതി പരിഗണിച്ചില്ല. പട്ടികജാതി –- പട്ടിക വർഗ പീഡന നിയമം നിലനിൽക്കില്ലെന്ന വാദവും ഹൈക്കോടതി സ്‌റ്റേ ഉത്തരവോടെ ശരിയല്ലെന്ന് വ്യക്തമായി.
ബിജെപിക്കെതിരെയും സംഘപരിവാർ രാഷ്ട്രീയത്തിനെതിരെയും കർശനമായ നിലപാട് തുടരുന്നതിനാലാണ് അതിവേഗം പുനപരിശോധനാ ഹർജി സർക്കാർ ഹൈക്കോടതിയിൽ നൽകിയത്. ഈ ഇച്ഛാശക്തിയെ അളക്കാൻ കോൺഗ്രസിനാകില്ല. കെ സുരേന്ദ്രനെ വെറുതെ വിട്ടപ്പോഴുണ്ടായ ആഹ്ലാദം ഇപ്പോൾ, വിധി സ്‌റ്റേ ചെയ്‌തപ്പോൾ യുഡിഎഫ് കേന്ദ്രത്തിൽ നിന്നും കാണുന്നില്ലെന്നും എം വി ബാലകൃഷ്‌ണൻ പ്രസ്‌താവനയിൽ പറഞ്ഞു.