കയ്യൂർ ചീമേനി പഞ്ചായത്തിലെ തുറവ് വെള്ളിക്കീലിലെ 30 കർഷകരുടെ സങ്കടവുമായി 11ആം വാർഡ് വികസന സമിതി കൺവീനർ കെ.വി അനീഷ്, കെ. ബാലകൃഷ്ണൻ എന്നിവർ കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുന്നിലെത്തി. 100 ഏക്കർ ഭൂമിയിലായി 30 കർഷകർ കൃഷി ചെയ്ത് വരികയാണ്. ഇന്ന് വരെയും ഇവിടേക്ക് കറൻ്റ് കണക്ഷൻ എത്തിയിട്ടില്ല. അടുത്ത കാലത്തായി രണ്ട് കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങിയിട്ടുണ്ട്. ഇവർക്കും വൈദ്യുതി ലഭിച്ചിട്ടില്ല. ചീമേനി തുറന്ന ജയിലിന് സമീപത്താണ് ഈ കൃഷി സ്ഥലം. കൃഷി ആവശ്യങ്ങൾക്ക് ജലസേചനം നടത്താനും കുരങ്ങ്, പന്നി ശല്യത്തിൽ നിന്ന് മോചനം നേടാനും വൈദ്യുതി ആവശ്യമാണെന്ന് ഇരുവരും മന്ത്രിയോട് പറഞ്ഞു. എം രാജഗോപാലൻ എംഎൽഎയും ഈ പ്രശ്നത്തിൽ ഇടപെട്ടു
മഴക്കാലത്ത് തഴച്ചു വളരുന്ന കാർഷിക വിളകൾ വേനൽകാലമാകുന്നതോടെ നശിച്ചുപോകുന്ന സ്ഥിതിയാണെന്നും ആവശ്യമായ അത്ര മണ്ണെണ്ണ ലഭിക്കാത്തതിനാൽ മണ്ണെണ്ണ മോട്ടോർ
ഗ്രസംവിധാനവും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ച ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി എം.എൽ.എ യെ ബന്ധപ്പെട്ട് പ്രൊജക്ട് നടപ്പിലാക്കാൻ മന്ത്രി കെ.എസ്. ഇ.ബി കാഞ്ഞങ്ങാട് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.
മന്ത്രി നൽകിയ മറുപടിയിൽ തൃപ്തരാണെന്നും ഇവിടെ വൈദ്യുതി എത്തുന്നതോടെ കാലങ്ങളായുള്ള കർഷകരുടെ ആവശ്യമാണ് യഥാർത്യമാവുകയെന്നും അനീഷ് പ്രതികരിച്ചു.