മന്ത്രിമാർ നേതൃത്വം നൽകുന്ന കരുതലും കൈത്താങ്ങും അദാലത്തിലേക്കുള്ള പരാതികൾ ഡിസംബർ 23 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്കിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകൾ വഴിയും പൊതുജനങ്ങൾക്ക് അപേക്ഷ നൽകാം. രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരാണ് കാസർകോട് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾക്ക് നേതൃത്വം നൽകുന്നത്. ഈ മാസം 28ന് കാസർകോട് താലൂക്ക് തല അദാലത്ത് കാസർകോട് ടൗൺഹാളിൽ നടക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തിന് എഡിഎം പി അഖിൽ നേതൃത്വം നൽകും.
നിലവിൽ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. ഓൺലൈനിൽ ചേർന്ന കരുതലും കൈത്താങ്ങും അദാലത്ത് അവലോകനത്തിനുള്ള ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലാ കളക്ടർ നിർദേശം നൽകിയത്. കരുതലും കൈത്താങ്ങും അദാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾക്ക് ലഭ്യമായ പരാതികൾ പരിഹരിക്കേണ്ടതിനാൽ ഈ മാസം 23 24 തീയതികളിൽ മുഴുവൻ സർക്കാർ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്നും അടിയന്തിര സാഹചര്യത്തിൽ അല്ലാതെ അവധി അനുവദിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. കൂടുതൽ പരാതികൾ ലഭിച്ച തദ്ദേശസ്വയംഭരണം, സിവിൽ സപ്ലൈസ് ,റവന്യൂ, വനം, വന്യജീവി, കർഷക ക്ഷേമ കാർഷിക വികസനവകുപ്പുകൾ പരാതി പരിഹാര അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജനുവരി 3, 4 ജനുവരി 6 തീയതികളിലായി മറ്റു താലൂക്കുകളിൽ നടക്കും.