പാലക്കാട് കല്ലടിക്കോട് ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. കാര്‍ വേഗതയിൽ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയിൽ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കാറിന്‍റെ മുൻഭാഗം പൂര്‍ണമായും ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറി. ഇന്നലെ രാത്രി 10.38 ഓടുകൂടിയാണ് അപകടം സംഭവിക്കുന്നത്.
കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31), മഹേഷ് തച്ചമ്പാറ എന്നിവരാണ് മരിച്ചത്. പാലക്കാട് നിന്ന് കോങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ. കാർ പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. വടകക്കെടുത്ത കാറാണ് അപകടത്തിൽപ്പെട്ടതെന്ന് കല്ലടിക്കോട് എസ്എച്ച്ഒ പറഞ്ഞു.
അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പൊലീസിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതിനുശേഷമായിരിക്കും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നൽകുക. കല്ലടിക്കോട് അപകടത്തിന് ഇടയാക്കിയത് കാറിന്‍റെ അമിത വേഗതയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കാർ ലോറിയിലേക്ക് ഇടിച്ച് കയറിയെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. കാറിൽ മദ്യക്കുപ്പിയുണ്ടായിരുന്നുവെന്നും കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും കല്ലടിക്കോട് ഇൻസ്പെക്ടർ എം.ഷഹീർ പറഞ്ഞു.