വെള്ളരിക്കുണ്ട് : സി. പി. എം. ബളാൽ ലോക്കൽ കമ്മറ്റിയിൽ നിന്നും പുറത്തായ സണ്ണി മങ്കയം കോൺഗ്രസ്സിൽ ചേരുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് സണ്ണി മങ്കയവുമായി ബളാൽ പഞ്ചായത്തിലെ കോൺഗ്രസ്സ് നേതാക്കൾ ചർച്ചകൾ നടത്തിയതായി അറിയുന്നു.
ബളാൽ ലോക്കൽ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അവതരിപ്പിച്ച അംഗങ്ങളുടെ പാനലിൽ സണ്ണി മങ്കയത്തെ ഒഴിവാക്കിയതിനെതിരെ ലോക്കൽ കമ്മറ്റി അംഗങ്ങളിൽ ചിലർ നേതൃത്വത്തെ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രവുമല്ല കമ്മറ്റിയിൽ യുവാക്കൾക്ക് പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ച് സണ്ണി മങ്കയത്തെ അനുകൂലിക്കുന്ന ഡിവൈഎഫ്ഐ നേതാക്കളായ സുകേഷ് വി.എസ്, വിനീത് തുടങ്ങിയവർ മത്സരിച്ച് 75 ശതമാനത്തോളം വോട്ട് നേടുകയും ചെയ്തു. സണ്ണി മങ്കയത്തിന് പകരക്കാരനായി അടുത്തിടെ സ്കറിയവിഭാഗം കോൺഗ്രസ്സിൽ നിന്നും എത്തിയ കെ. യു. ജെയിംസിനെ ലോക്കൽ കമ്മറ്റിയിൽ ഉൾപ്പെടുത്തിയതിലും ഇരുവരും പ്രതിഷേധം അറിയിച്ചിരുന്നുവത്രെ.
എന്നാൽ ഡി. വൈ. എഫ്. ഐ. നേതാക്കളുടെ പ്രതിഷേധം വകവെക്കാതെ സണ്ണി മങ്കയത്തിന് പകരക്കാരനായി ജെയിംസിന് വെള്ളരിക്കുണ്ട് ടൗണിന്റെ ചുമതലയുള്ള പാർട്ടി നേതാവാക്കി മാറ്റുകയാണ് ചെയ്തത്. വെള്ളരിക്കുണ്ടിൽ ഒരുകാലത്തു പാർട്ടി പുറകോട്ട് പോയപ്പോൾ മുന്നിൽ നിന്ന് നയിച്ച്
പാർട്ടി കെട്ടിപ്പടുത്തതിൽ സണ്ണി മങ്കയം പ്രധാന പങ്ക് വഹിച്ചിരുന്നതായി അണികൾ പറയുന്നു.
വെള്ളരിക്കുണ്ട് ടൗണിൽ തന്നെ പാർട്ടി ഓഫീസ് തുറക്കുന്നതിനും പാർട്ടി പത്രം ടൗണിൽ എത്തിക്കാൻ അതിന്റ ഏജൻസിയും എടുത്ത ആളുമാണ് സണ്ണി മങ്കയം. വ്യക്തി പരമായ കാരണങ്ങളാൽ മാസങ്ങൾക്ക് മുൻപ് സണ്ണി മങ്കയം പാർട്ടിയിൽ നിന്നും അവധി എടുത്ത സമയത്ത് വെള്ളരിക്കുണ്ട് ടൗണിലെ പാർട്ടി ഓഫീസ് പോലും സി. പി. എമ്മിന് അടച്ചു പൂട്ടേണ്ടി വന്നു. ഒപ്പം പാർട്ടി പത്രവും നിലച്ചു.
കോൺഗ്രസ്സിന് മൃഗീയ ഭൂരിപക്ഷമുള്ള ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് ടൗൺ അടക്കമുള്ള സ്ഥലങ്ങളിൽ സ്വീകാര്യനായസണ്ണി മങ്കയത്തെ ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കുകയും പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യൂകയും ചെയ്തത് വെള്ളരിക്കുണ്ട് ബ്രാഞ്ചു കമ്മറ്റിയിലെ അംഗങ്ങൾക്കും ലോക്കൽ കമ്മറ്റിയിലും അതൃപ്തി ഉളവാക്കിയിട്ടുണ്ട്.
എന്നാൽ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് സണ്ണിമങ്കയത്തെ പാർട്ടിയിൽ എത്തിച്ച് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുവാനും ബളാൽ പഞ്ചായത്തിൽ മുഴുവൻ സീറ്റും നിലനിർത്താനുമാണ് കോൺഗ്രസ്സ് ശ്രമം. നിലവിൽ പതിനാറുവാർഡിൽ ഒന്ന് മാത്രമാണ് സി. പി. എമ്മിന് ഉള്ളത്. 1992 ൽ ബളാൽ പഞ്ചായത്തിലേക്ക് പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ആളാണ് സണ്ണി മങ്കയം. അന്നു മുതൽ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായി പ്രവർത്തിച്ചു വരുന്ന സണ്ണി മങ്കയം കോൺഗ്രസ്സ് പാർട്ടിയിലേക്ക് വരുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യുന്നുവെന്നും അർഹിച്ച സ്ഥാന മാനങ്ങൾ കോൺഗ്രസ്സ് പാർട്ടി നൽകുമെന്നും ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും കോൺഗ്രസ്സ് നേതാവുമായ രാജു കട്ടക്കയം പറഞ്ഞു.