
കാഞ്ഞങ്ങാട്:കോട്ടച്ചേരി ബസ്റ്റാന്റ് അറ്റക്കുറ്റപണികൾക്കായി ആറു മാസത്തേക്ക് അടച്ചിട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട നഗരത്തിലുണ്ടായ ഗതാഗത കുരുക്കും വ്യാപാര സ്തംഭനവും ഒഴിവാക്കാൻ അടിയന്തിര നടപടികൾ ഇല്ലെങ്കിൽ അനിശ്ചിത കാലത്തേക്ക് കടകൾ അടച്ചിടുന്നതുൾപ്പെടെ ശക്തമായ പ്രക്ഷോഭത്തിന് വ്യാപാരികൾ സന്നദ്ധമാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.എം.അഹമ്മദ് ഷെരീഫും കാഞ്ഞങ്ങാട് മർച്ചന്റ്സ് അസോയിയേഷൻ പ്രസിഡണ്ട് സി.കെ.ആസിഫും മുന്നറിയിപ്പ് നൽകി.
ബസ്റ്റാന്റിലും പരിസരത്തുമായി 300 ഓളം വ്യാപാരികൾ കച്ചവടം ചെയ്തു വരുന്നുണ്ട്,ചുരുങ്ങിയ സമയം കൊണ്ട് ചെയ്ത് തീർക്കേണ്ട അറ്റക്കുറ്റപണികൾക്കാണ് 6 മാസത്തേക്ക് ബസ്റ്റാന്റ് യാർഡ് അടച്ചുപൂട്ടിയത്. ബസ്റ്റാന്റ് അടച്ചിട്ടതിനെ തുടർന്ന് പ്രയാസപ്പെടുന്ന വ്യാപാരികളെ ഏകോപന സമിതി ജില്ല പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.തുടർന്ന് നഗരസഭ പേഴ്സണെയും വൈസ് ചെയർമാനെയും വ്യാപാരി സംഘടനാനേതാക്കൾ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. വിഷു ആഘോഷ വേളകളിലും തുടന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സമയത്തും വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്നത് വലിയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
അനുകൂലമായ തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ നഗരത്തിലെ മുഴുവൻ കടകളും അടച്ചിടാൻ തങ്ങൾ നിർബന്ധിതരാവുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. കെ എം എ ട്രഷറർ ആസിഫ് മെട്രോ,വൈസ് പ്രസിഡണ്ട് പി.മഹേഷ്, ഷെരീഖ് കമ്മാടം,മുൻ പ്രസിഡണ്ട് സി.യൂസഫ് ഹാജി,ടി.മുഹമ്മദ് അസ്ലാം എ.ഹമീദ് ഹാജി,നഗരസഭ കൗൺസിലർ എൻ.അശോക് കുമാറും എന്നിവരും നേതാക്കൾക്കൊപ്പം ഉണ്ടായിരുന്നു.