നീലേശ്വരം: ഒടുവിൽ മലയോരത്തെ തീരദേശ പാതയിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. തീരദേശവാസികളുടെ നീണ്ട മുറവിളിക്ക് ശേഷമാണ് അരയാക്കടവ് മുക്കട – വഴി കമ്പല്ലൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിച്ചത്. ഈ തീരദേശ റോഡ് രണ്ട് വർഷം മുമ്പാണ് യാഥാർത്യമായത്. അന്നു മുതൽക്കെ തീരദേശവാസികൾ ബസ് റൂട്ടിന് മുറവിളി കൂട്ടുകയായിരുന്നു. രണ്ട് മാസം മുമ്പ് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ കണ്ട് എം. രാജഗോപാലൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ നാട്ടുകാർ അരയാക്കടവ്- മുക്കട തീരദേശ റോഡിൽ കെ എസ് ആർ ടി സി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് മുതലാണ് ബസ് സർവീസ് തുടങ്ങിയത്. വൈകീട്ട് 3.30 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിൽ നിന്നും യാത്ര തിരിച്ച ബസ് 4 മണിക്ക് നീലേശ്വരം ബങ്കളം വഴി ചായ്യോത്ത് പെൻഷൻ മുക്ക് അരയാക്കടവ് മുക്കട റൂട്ടിൽ കമ്പല്ലൂരിലേക്ക് യാത്ര തിരിച്ചു. ബസിന്റെ കന്നിയാത്രക്ക് പെൻഷൻ മുക്ക്, കിനാനൂർ, കീഴ്മാല, അണ്ടോൾ, പുലിയന്നൂർ എന്നിവിടങ്ങളിൽ നാട്ടുകാർ സ്വീകരണം നൽകി. ബസ് സർവീസ് തുടങ്ങിയതോടെ തീരദേശ മേഖലയായ പുലിയന്നൂർ, അണ്ടോൾ, കീഴ്മാല, കിനാനൂർ, അരയാക്കടവ് പ്രദേശത്തുള്ളവർക്കും, കയ്യൂർ ചീമേനി പഞ്ചായത്തിലെ പൊതാവൂർ ,മയ്യൽ, ചെറിയാക്കര എന്നിവിടങ്ങളിലെ യാത്രക്കാർക്ക് ജില്ല കേന്ദ്രമായ കാസർകോട് പ്രധാന നഗരങ്ങളായ നീലേശ്വരം, കാഞ്ഞങ്ങാട്, എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും.