നഗരസഭയുടെ കീഴിലുള്ള പ്രത്യാശ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ നോട്ടുബുക്ക് നിർമ്മാണസംരംഭത്തിന് രാജാസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കൈത്താങ്ങ്. ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച എ- പ്ലസ് നോട്ട് പുസ്തകങ്ങൾക്ക് രാജാസ് സ്കൂളിലെ എൻ. എസ് എസ് വളണ്ടിയർമാർ വിപണി കണ്ടെത്തും. ഇതിനായി കുട്ടികൾ നിർമ്മിച്ച അഞ്ഞൂറ് നോട്ടുബുക്കുകൾ നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫിയിൽ നിന്ന് രാജാസ് സ്കൂൾ എൻ എസ്. എസ് പ്രോഗ്രാം ഓഫീസർ എൻ.എസ് വീണ ഏറ്റുവാങ്ങി.
ബഡ്സ് സ്കൂൾ പ്രധാനാധ്യാപിക കെ. വി ജലജ സ്വാഗതം പറഞ്ഞു. രാജാസ് സ്കൂൾ പി.ടി.എ വൈസ് പ്രസിഡൻ്റ് കെ. രഘു, പ്രിൻസിപ്പൽ പി.വിജീഷ്, ബഡ്സ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എ.ടി കുമാരൻ, കൗൺസിലർ പി.വത്സല, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ വീണ എൻ.എസ്, വളണ്ടിയർമാരായ അർച്ചന എ.വി, നന്ദനമനോജ്, അഭിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. ബഡ്സ് സ്കൂൾ അധ്യാപിക അനഘരാഗേഷ് നന്ദി പറഞ്ഞു.
കഴിഞ്ഞവർഷവും രാജാസ് സ്കൂൾ എൻഎസ്എസ് വളണ്ടിയർമാർ ഇത്തരത്തിൽ നോട്ടുബുക്കുകൾ വിറ്റഴിച്ചിരുന്നു.