
ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സസ്നേഹം സീസൺ 7 അജ്‌മാനിൽ നടന്നു. അജ്‌മാൻ വുഡ്ലേം പാർക്ക് സ്കൂളിൽ രാവിലെ മുതൽ രാത്രി വരെ നടന്ന വിവിധ പരിപാടികളിൽ അഞ്ഞൂറിലേറെ പരപ്പ നിവാസികൾ പങ്കെടുത്തു.
ജീവകാരുണ്യ, സാംസ്കാരിക, കലാ കായിക മേഖലകളിൽ സജീവമായി ഇടപെടുന്ന പരപ്പയിലെയും സമീപ ഗ്രാമങ്ങളിലെയും യുഎഇ യിലുള്ള പ്രവാസികളെയും, യാതൊരു ഭേദങ്ങളുമില്ലാതെ ഒരുമിച്ചൊരു കൂട്ടായ്മയുടെ ഭാഗമാക്കുക എന്ന മാതൃകാപരമായ പ്രവർത്തനമികവിന്റെ കരുത്തിലാണ് കൂട്ടായ്മ ഏഴാമത് കുടുംബ സംഗമം വിപുലമായി സംഘടിപ്പിച്ചത്.
സംഗമത്തിന് മുന്നോടിയായി ജനുവരി 12 നു അബുദാബിയിൽ വെച്ച് പ്രാദേശിക ക്ലബ്ബുകൾ തമ്മിലുള്ള ക്രിക്കറ്റ് ടൂർണമെന്റ് വളരെ ഗംഭീരമായി നടത്തി ബ്രദേഴ്സ് കമ്മാടം ഒന്നാം സ്ഥാനവും ബ്രദേഴ്സ് ഇടത്തോട് രണ്ടാം സ്ഥാനവും നേടി.
തുടർന്ന് കനകപ്പള്ളി ഗവ: എൽ പി സ്കൂളിലും, അട്ടക്കണ്ടം ഗവ: എൽ പി സ്കൂളിലും കുട്ടികൾക്കു വേണ്ടിയുള്ള ക്വിസ് മത്സരം നടത്തി വിജയികളായ കുട്ടികൾക്കു ക്യാഷ് പ്രൈസും മൊമെന്റോയും നൽകിയിരുന്നു.
ഫുട്ബോൾ ടൂർണമെന്റിൽ 8 ക്ലബ്ബുകൾ അണിനിരന്നപ്പോൾ
മുഹമ്മദൻസ് കമ്മാടം ഒന്നാം സ്ഥാനവും, ബ്രദേഴ്സ് ഇടത്തോട് രണ്ടാം സ്ഥാനവും നേടി. വടംവലി മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തപ്പോൾ ബാനം ഒന്നാം സ്ഥാനവും, ബ്രദേഴ്സ് ഇടത്തോട് രണ്ടാവും നേടി. മെഡിക്കൽ ക്യാംബും ഇതോടൊപ്പം സംഘടിപ്പിച്ചു.
മെട്രോ മുജീബ് കാഞ്ഞങ്ങാട് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിഡന്റ് ഷംസുദ്ധീൻ കമ്മാടം അധ്യക്ഷനായ ചടങ്ങ് ആഘോഷ കമ്മിറ്റി ചെയർമാനും കൂട്ടായ്മയുടെ ഉപദേശക സമിതി അംഗവുമായ ഡോ: താജുദ്ധീൻ കാരാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉപദേശകസമിതി അംഗങ്ങളായ സുധാകരൻ മാസ്റ്റർ പരപ്പ, ഷാനവാസ് ചിറമ്മൽ, അഹമ്മദ് ഹാജി, റാഷിദ് എടത്തോട്, ജനറൽ സെക്രട്ടറി രജീഷ് ഇടത്തോട്, സുരേഷ് കനകപ്പള്ളി, അഷ്‌റഫ് പരപ്പ, ഷംനാസ് പരപ്പ, സാബിത്ത് നമ്പ്യാർകൊച്ചി, വിനോദ് കാളിയാനം, കൃപേഷ് ബാനം , നിസാർ എടത്തോട് എന്നിവർ സംസാരിച്ചു.
ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ താജുദ്ധീൻ കാരാട്ടിനെയും, കൂട്ടായ്മയിലെ നാടക കലാകാരൻ രാജേഷ് പരപ്പയെയും ചടങ്ങിൽ ആദരിച്ചു.
കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ആഘോഷ കമ്മിറ്റി കൺവീനർ പ്രസീൻ പരപ്പ നന്ദി പറഞ്ഞു.