പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ എ പീതാംബരൻ (പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), സജി സി ജോർജ്, കെ എം സുരേഷ്, കെ അനിൽകുമാർ, ഗിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, പത്താം പ്രതി ടി. രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 14–ാം പ്രതി കെ. മണികണ്ഠൻ, 20–ാം പ്രതി മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി (രാഘവൻനായർ), 22–ാം പ്രതി കെ.വി.ഭാസ്കരൻ എന്നിവർക്ക് 5 വർഷം തടവ്.
പത്താം പ്രതി ടി രഞ്ജിത്ത് പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർ ഈ കുറ്റങ്ങൾക്ക് പുറമെ തെളിവ് നശിപ്പിച്ചതായും പ്രതികളെ സംരക്ഷിച്ചതായും കോടതി കണ്ടെത്തി. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെ നാല് പ്രതികൾക്കെതിരെ പൊലീസ് കസ്റ്റഡിയിൽനിന്നു പ്രതിയെ കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് ചുമത്തിയത്.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പിഴ തുക കൃപേഷിന്റെയും ശരത്ലാലിന്റേയും കുടുംബത്തിന് കൈമാറണം അതേ സമയം വിധിക്കെതിരെ പ്രതിഭാഗവും വാദി ഭാഗവും സിബിഐയും അപ്പിൽ പോകാനാണ് തീരുമാനം.