അമ്പലത്തറ കണ്ണോത്ത് സിപിഎം പാർട്ടി ഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിന്റെ ഭാഗമായി ബോംബെറിഞ്ഞ സംഭവം പോലീസ് ഗൗരവകരമായി എടുത്ത് അന്വേഷിക്കണമെന്നും പാർട്ടി ഗ്രാമത്തിൽ ബോംബ് നിർമാണം നടക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ ഉണ്ടായതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആർ കാർത്തികേയൻ പറഞ്ഞു.3 വർഷങ്ങൾക്ക് മുമ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെയും ഇതേ ക്രിമിനൽ സംഘം ബോംബെറിഞ്ഞിരുന്നു. നാളിതുവരെയായി പ്രതികളെ പിടികൂടാതെ പോലീസ് നടത്തിയ നിഷ്ക്രിയമായ നടപടി കൊണ്ടാണ് വീണ്ടും ഇത് ആവർത്തിക്കുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.ഏറെ നാളായി കണ്ണോത്ത് പ്രദേശത്തു നടക്കുന്ന പാർട്ടിപ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്നലെ ബോംബേറിൽ കലാശിച്ചത്.പോലീസ് ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.