കോഴിക്കോട്: ചലച്ചിത്ര നടി ഹണി റോസിന്റെ പരാതിയിൽ ബോബി ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണൂർ പിടിയിലായത് ഒളിവിൽ പോകാൻ ഒരുങ്ങുന്നതിനിടെ. ബോബി കർണാടകയിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന രഹസ്യ വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ എറണാകുളം സെൻട്രൽ പൊലീസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. സംസ്ഥാനം കടന്ന് നിയമനടപടികൾ വൈകിപ്പിച്ച് മുൻകൂർ ജാമ്യം നേടാനുള്ള ബോബിയുടെ ശ്രമമാണ് പൊലീസിന്റെ ഇടപെടലോടെ പോളിഞ്ഞത്. തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പുലർച്ചെ കോയമ്പത്തൂരിലേക്ക് പോകാനും ബോബി തയാറെടുത്തിരുന്നു. ബോബി സംസ്ഥാനം വിടാതിരിക്കാൻ തന്ത്രപരമായ പൊലീസ് നടപടി സ്വീകരിച്ചത്. എ.ഡി.ജി.പി മനോജ് എബ്രഹാം, കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ തുടങ്ങിയവരുമായി ഹണി റോസ് ബന്ധപ്പെടുകയും ബോബിയെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പു നേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഭിഭാഷകരുമായി ചർച്ച ചെയ്ത് വിശദമായ പരാതി നൽകിയത്. പിന്നാലെ ബോബി സംസ്ഥാനം വിടാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചാണ് പൊലീസ് ഓരോ നീക്കവും നടത്തിയത്.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനാൽ ബോബി ചെമ്മണൂർ കൊച്ചിയിലെത്തി മുൻകൂർ ജാമ്യം തേടാൻ സാധ്യതയുണ്ടെന്ന് പൊലീസ് കണക്കുകൂട്ടി. മുന്‍കൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ ഒളിവിൽ പോകാനും ഇത് സുപ്രീംകോടതി വരെ നീളാനും സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് നടപടികൾ വേഗത്തിലായത്. കൊച്ചി പൊലീസും വയനാട് എസ്.പിയുടെനേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും ചേർന്നാണ് ബോബിയെ വയനാട്ടിലെ സ്വന്തം റിസോർട്ടിൽ വെച്ചുപിടികൂടിയത്.