റിപ്പോർട്ട് : സേതു ബങ്കളം
ഫോട്ടോ: അനീഷ് കടവത്ത്
സംസ്ഥാനത്തെ ഏറ്റവും വലിയ നഗരസഭ ആസ്ഥാന മന്ദിരം ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് നീലേശ്വരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.നീലേശ്വരം നഗരസഭക്ക് വേണ്ടി കച്ചേരിക്കടവിൽ നിർമിച്ച സിവിൽ സ്റേഷൻ മാതൃകയിലുള്ള മൂന്നു നില കെട്ടിടമാണ് മന്ത്രി ഉദ്ഘാടനം ചെയ്യന്നത്. ചടങ്ങിൽ തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ അധ്യക്ഷനാകും. പ്രൊഫ.കെ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണ സമിതി നീലേശ്വരം പുഴയോരത്തെ കച്ചേരിക്കടവിൽ 35 ലക്ഷം രൂപ വില കൊടുത്ത് വാങ്ങിയ 75 സെന്റ് സ്ഥലത്താണ് എട്ടു കോടി രൂപ ചെലവിൽ 30,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നിർമ്മിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് ഓഫീസ് സമുഛയത്തിൽ സജീകരിചിട്ടുളളത്.കൗൺസിൽ ഹാളിനു പുറമെ 250പേർക്ക് ഇരിക്കാനുള്ള മിനി കോൺഫറൻസ് ഹാളും 100 പേർക്ക് ഇരിക്കാവുന്ന മീറ്റിംഗ് ഹാളും വിശാലമായ പാർക്കിംഗ് സൗകര്യവും പുതിയ കെട്ടിടത്തിലുണ്ട്. നഗരസഭ ചെയർമാർ, വൈസ്. ചെയർമാൻ, സ്ഥിരം സമിതി ചെയർമാൻമാർ, നഗരസഭാ സെക്രട്ടറി, മുനിസിപ്പൽ എൻജിനീയർ തുടങ്ങി വിവിധ വകുപ്പ് മേധാവികൾക്കെല്ലാം പ്രത്യേകം ഓഫീസ് മുറികളും ജനപ്രതിനിധികൾക്ക് മറ്റൊരു ഹാളും കെട്ടിടത്തിലുണ്ട്.
ഇതിന് പുറമെ പൊതുജനങ്ങൾക്ക് നഗരസഭാ ഓഫീസിൽ വിവിധ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. നഗരസഭാ അനുബന്ധ സ്ഥാപനമായ കൃഷിഭവൻ, കുടുംബശ്രീ ഓഫീസ് തുടങ്ങിയവയ്ക്കും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ജെ.ജെ. അസോസിയേറ്റ്സാണ് മുൻസിപ്പൽ സമുഛയത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പ്രമുഖ കോൺട്രാക്ടർ തൈക്കടപ്പുറത്തെ വി.വി. മനോജനാണ് മനോഹരമായ കെട്ടിടം നിർമ്മിച്ചത്. വർഷങ്ങൾക്ക് മുമ്പേ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടതായിരുന്നെങ്കിലും കൊവിഡിനെ തുടർന്നാണ് പാതി വഴിക്ക് നിർമ്മാണം നിലച്ചത്. പിന്നീട് ടി.വി. ശാന്ത ചെയർമാനും പി.പി.മുഹമ്മദ് റാഫി വൈസ് ചെയർമാനും കെ.പി.രവീന്ദ്രൻ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പുതിയ ഭരണസമിതിയാണ് ഓഫിസ് സമൂഛയത്തിന്റെ നിർമ്മാണ പൂർത്തിയാക്കിയത്. നഗരസഭയുടെ അനുബന്ധ ആവശ്യങ്ങൾക്ക് രണ്ടുനില മതിയാകുമെങ്കിലും ഭാവിയിലെ സാദ്ധ്യതകൾ കണക്കിലെടുത്താണ് മൂന്ന് നില കെട്ടിടത്തിന് രൂപരേഖ തയ്യാറാക്കിയതെന്ന് മുൻ നഗരസഭ ചെയർമാൻ പ്രൊഫ.കെ.പി. ജയരാജൻ പറഞ്ഞു.