വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബനന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണിവരെ ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് നാലുവരെ രാജ്യത്തെ പ്രധാന റോഡുകളിൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധ സമരം സംഘടിപ്പിക്കും.
കർഷകർക്ക് പിന്തുണയുമായി കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധവും ഇന്ന് നടക്കും.കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങൾക്ക് എതിരെയാണ് ഭാരത് ബന്ദ്. കോർപ്പറേറ്റ് – വർഗീയ അച്ചുതണ്ട് സർക്കാർ നയങ്ങൾ തീരുമാനിക്കുന്നു. സ്ത്രീപീഡകരെ സംരക്ഷിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത് എന്നും സംഘടനകൾ ആരോപിക്കുന്നു.
കേരളത്തിൽ ബന്ദ് ഉണ്ടാകില്ല. പകരം സംയുക്ത കർഷകസമിതി സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് നടത്തും..