
കാസർകോട്: സമൂഹത്തിൽ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒട്ടനവധി രോഗികൾ ഉണ്ടെന്നും അവരിലേക്ക് കാരുണ്യ പ്രവർത്തനങ്ങൾ എത്തിക്കാൻ സജീവമാകണമെന്നും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ഹമീദ് കൂട്ടായ്മ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി കാസർകോട് പുലിക്കുന്നിലെ ലൈബ്രറി ഹാളിൽ സംഘടിപിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ നിര വധി പേരുകളിൽ കൂട്ടായ്മകൾ ഉണ്ടെങ്കിലും ഹമീദ് എന്ന പേരിന് ചില പ്രത്യേകതകൾ ഉണ്ടെന്നും അത് സമൂഹത്തിന് ഉപകാരപെടുന്ന രീതിയിൽ പ്രവർത്തിക്കാൻ ഹമീദ് സഹോദരങ്ങൾ കൂടുതൽ സജീവമാകണമെന്നും അദ്ദേഹം ഉണർത്തി.
ചടങ്ങിൽ ഹമീദ് കൂട്ടായ്മ സംസ്ഥാന കോഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് ഹമീദ് ചേരങ്കൈ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ മുഖ്യാഥിതിയായി. ട്രഷറർ ഹമീദ് കോളിയടുക്കം സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഹമീദ് കുണിയ സംഘടനാ പ്രവർത്തന സംബന്ധമായ ചർച്ചകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം എന്നിവരെ രക്ഷാധികാരി സി.എൽ ഹമീദ്, ജില്ലാ പ്രസിഡൻ്റ് ഹമീദ് ഉപ്പള എന്നിവർ ആദരിച്ചു. ജില്ലയിൽ ദേശീയ പാതയോരങ്ങളിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ, പൊതു സ്ഥാപനങ്ങൾ എന്നിവയിലേക്ക് വിദ്യാർഥികൾക്കും പൊതു ജനങ്ങൾക്കും കടന്ന് പോകാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്നതിന് ജില്ലയിലെ ജനപ്രതിനിധികൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.
കൂട്ടായ്മ ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് ചുള്ളിക്കര, ഹമീദ് മാന്യ, ഹമീദ് ചേരൂർ, എസ്. ഹമീദ് നായന്മാർമൂല, ഹമീദ് നീൽകമൽ, ഹമീദ് കടപ്പുറം സംസാരിച്ചു.