
നീലേശ്വരം: ബി ഏ സി ചെറപ്പുറം ബാസ്ക്കറ്റ്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ 10 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നൽകി വരുന്ന പരിശീലനം മൂന്നാം സീസണിലേക്ക്. 40 കുട്ടികളാണ് രണ്ടു ബാച്ചുകളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നത് .നീലേശ്വരം നഗരസഭ സ്റ്റേഡിയത്തിലാണ് രാവിലെയും വൈകുന്നേരവുമായി പരിശീലനം. നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ കുട്ടികളും രക്ഷിതാക്കളും വളരെ ആവേശത്തോടെയാണ് ബാസ്ക്കറ്റ്ബോൾ അക്കാദമിയുമായി സഹകരിക്കുന്നത്. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന മൂന്നാമത് കിഡ്സ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലാ ടീമിന് വേണ്ടി ബി ഏ സി അക്കാദമിയിലെ ശിവദേവ് ,നവദേവ്, മോഹിത് കൃഷ്ണ എന്നീ കുട്ടികളും, തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്ത് വച്ച് നടന്ന നാൽപ്പത്തി ഒന്നാമത് സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൽബിൻ, ശിവലക്ഷ്മി, നന്ദന വിനോദ് എന്നീ കുട്ടികളും മത്സരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കുട്ടികളെ സംസ്ഥാന തല മത്സരങ്ങളിൽ എത്തിക്കാൻ അക്കാദമിക്ക് സാധിച്ചു. കുട്ടികളെ മത്സര സജ്ജരാക്കാൻ കഠിന പരിശീലനങ്ങളാണ് സംസ്ഥാന കെഎസ്ഇബി ബാസ്ക്കറ്റ്ബോൾ ടീം മുൻ ക്യാപ്റ്റനും, കേരള താരവും, മികച്ച പരിശീലകനുമായ പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നൽകിവരുന്നത്. അക്കാദമിയുടെ മൂന്നാം ബാച്ച് ഏപ്രിൽ രണ്ടിന് ആരംഭിക്കും. ചെറപ്പുറത്ത് കലാ-സാംസ്കാരിക രംഗത്ത് നിറഞ്ഞുനിൽക്കുന്ന ബി ഏ സി യ്ക്കാണ് ബാസ്ക്കറ്റ്ബോൾ അക്കാദമിയുടെ നേതൃത്വം. അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് കെ രഘു,എം ഗോപിനാഥൻ, ഇ. ബൈജു എന്നിവർ നേതൃത്വം നൽകിവരുന്നു.