സി എഛ് അബൂബക്കർ ഹാജി വാഹനാപകടത്തിൽ മരണപ്പെട്ട വാർത്ത ഏറെ ഞെട്ടലുളവാക്കിയ ഒന്നാണ്. മഹല്ല് ജമാഅത്ത് ഭാരവാഹി, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട്, എസ് വൈ എസ് ശാഖാ ഭാരവാഹി എന്നീ നിലകളിലെല്ലാം ശ്രദ്ധേയ സാന്നിദ്ധ്യമായി നില കൊണ്ട അദ്ദേഹം ഊഷ്മളമായ സൗഹൃദത്തിനുടമയാണ്. ഇന്ന് സുബഹിക്കും ഖിലർ മസ്ജിദ് കവാടത്തിൽ വെച്ച് സലാം പറഞ്ഞതാണ്. സമീപ കാലത്തായി മസ്ജിദ് ലേക്കുള്ള വരവിലും പോക്കിലും സദാ ഏതാണ്ടുറക്കെ അദ്കാർ ചൊല്ലിക്കൊണ്ട് നടക്കാറ് പതിവാക്കിയ അദ്ദേഹത്തെ ഞാൻ ബൈക്കിലേക്ക് ക്ഷണിച്ചാൽ നിരസിക്കയാണ് പതിവ്.അടുത്ത കാലത്തായി കുറേക്കൂടി ഒരാത്മീയ ഭാവത്തിലായിട്ടാണ് അദ്ദേഹത്തെ കണ്ടിട്ടുള്ളത്. ലീഗും സമസ്തയും ഏകമായിക്കണ്ട് നില കൊണ്ട ആളാണ് അബൂബക്കർ ഹാജി.തന്റെ എല്ലാ മക്കളെയും തന്നെപ്പോലെ തന്നെ ലീഗിന്റെയും സമസ്തയുടെയും പാതയിൽ നിലനിർത്തിയ ഹാജി കൂട്ടത്തിലൊരു മകനെ ഫൈസീ പട്ടം നേടിപ്പിക്കുക എന്ന ലക്ഷ്യവും സ്വന്തമാക്കിയിട്ടുണ്ട്. ഏത് വിഷയങ്ങളിലും സ്വന്തമായി നിലപാടുണ്ടാകും.അത് യോജിപ്പായാലും വിയോജിപ്പായാലും ഉറക്കെ പറയും. എന്നാൽ പിന്നീട് വിയോജിപ്പ് കൂടെ കൊണ്ട് നടക്കുക പതിവില്ല. ലീഗിന്റെയും സമസ്തയുടെയും ജമാ ത്തിന്റെയും സകല സൽക്കാര്യങ്ങളിലും സജീവമായി അദ്ദേഹം നില കൊണ്ടു.നിഷ്കളങ്കത മുഖമുദ്രയാക്കി ജീവിച്ച ഹാജി സകലരോടും ഗുണകാംക്ഷ പ്രകടമാക്കി. ഇശാ നമസ്‌ക്കാരത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ട ഉടനെയാണ് മരണം ബൈക്കിന്റെ കോലത്തിൽ അദ്ദേഹത്തെ പിടി കൂടിയത്.തലേന്ന് സ്വന്തം വീട്ടിൽ വെച്ച് നടന്ന പഞ്ചായത്ത് കർഷക സംഘം യോഗമായി അദ്ദേഹത്തിന്റെ അവസാന പൊതു ചടങ്ങ് .അത് കഴിഞ് ഇശാ നിസ്‌ക്കാരത്തിനായി മണ്ഡലം കർഷക സംഘം പ്രസിഡന്റ് ഉമ്മുൽ ഖുവൈൻ അബൂബക്കർ സാഹിബിന്റെ സ്‌കൂട്ടിയിൽ കയറവേ സ്‌കൂട്ടിയിലൊക്കെ യാത്ര ചെയ്യാൻ ഭയമാകുന്നെന്നും പറഞ്ഞത്രേ.ആ ഭയപ്പാട് പോലെ സംഭവിച്ചതായീ അപകടവും മരണവും.നടത്തം പള്ളിയിലേക്കായതിനാൽ ഉറപ്പായും ആ നാവിൽ ദക്ർ ഉണ്ടായിട്ടുണ്ടാവും. അദ്ദേഹത്തെ ഖബൂൽ ചെയ്യട്ടെ. അല്ലാഹു സ്വർഗ്ഗത്തോപ്പിൽ നാമേവരേയും ഒന്നിപ്പിക്കട്ടെ .