ബേക്കൽ ഗോകുലം ഗോശാലയിൽ പരമ്പര വിദ്യാപീഠത്തിന് കീഴിൽ ഏഴ് ദിവസം നീണ്ടുനിന്ന കുട്ടികൾക്കായുള്ള ബാലപ്രബോധിനി വേനൽക്കാല പഠനശിബിരം കുട്ടികളുടെ വിവിധ പരിപാടികളോടെ സമാപിച്ചു. പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം, പ്രകൃതിയോട് ഇണങ്ങി എങ്ങനെ ജീവിക്കാം, ഉരഗവർഗ്ഗങ്ങളുടെ സ്വഭാവ വിശേഷങ്ങൾ മുതലായവയെ കുറിച്ച് പ്രശസ്ത വന്യജീവി സ്നേഹി വിജയ് നീലകണ്ഠൻ്റെ ക്ലാസെടുത്തു. യോഗ, സംസ്കൃതം, ഗണിതം, നാടകം, കഥാരചന, ചിത്രരചന മുതലായ ക്ലാസുകളും, പ്രശസ്ത സംഗീതജ്ഞൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടിൻ്റെ ശിക്ഷണത്തിൽ ഭജന ക്ലാസ്, പെരികമന ശ്രീധരൻ നമ്പൂതിരിയുടെ കൃഷ്ണ കഥ, പ്രവീൺ പുണിഞ്ചിത്തായ,യീബി മാസ്റ്റർ എന്നിവരുടെ കീഴിൽ ചിത്രരചന, എന്നിവയും വൈകുന്നേരങ്ങളിൽ കായിക വിനോദങ്ങളും, കൂടാതെ പ്രശസ്ത വയലിൻ ബാല പ്രതിഭയായ ഗംഗാ മോളുടെ വയലിൻ പരിപാടിയും, മൃദംഗ വിദ്വാൻ കുഴൽമന്ദം രാമകൃഷ്ണൻ്റെ മൃദംഗ വാദനവും , പയ്യന്നൂർ ഗോവിന്ദ പ്രസാദിൻ്റെ മുഖർശംഖിനെ കുറിച്ചുള്ള വിവരണങ്ങളും നടന്നു. പ്രശസ്ത മാന്ത്രികൻ സുരൻ ജീത് ചൗധരിയുടെ മാജിക് ഷോയും ഉണ്ടായിരുന്നു.
സമാപന ദിവസം കുട്ടികൾ രക്ഷിതാക്കളുടെയും പഠിപ്പിച്ച ഗുരുക്കന്മാരുടെയും മുന്നിൽ വെച്ച് യോഗ, സംസ്കൃത സംഭാഷണം, നാടകം ഭജന, മുതലായവ അവതരിപ്പിച്ചു.