
ഒരു കാലത്തിന്റെ രുചിപ്പെരുമ. അതാണ് ഇന്നും നീലേശ്വരം ബസാറിലുള്ള ബദരിയ ഹോട്ടൽ. തെരുവ് റോഡ്. ചെറിയൊരു ഇടവഴി. ആദ്യം കിട്ടുന്നത് ബദരിയ മസ്ജിദ്. അതിനടുത്ത് വീടുപോലെയുള്ള പുരാതനമായ കെട്ടിടം. അന്നും ഇന്നും ഭക്ഷണം വിളമ്പുന്ന പാചകപ്പുര. അതേ കെട്ടിടത്തിന്റെ മറ്റൊരു മുറിയിൽ അലക്കുസോപ്പ് നിർമ്മാണവുമുണ്ട്. രണ്ടും നടത്തുന്നത് ഒരേ മാനേജ്മെന്റ്. പരിസരത്ത് എമ്പാടും വിറക് കൂട്ടിയിട്ടുണ്ടാകും. പള്ളിയിൽ ഉച്ച നമസ്ക്കാരത്തിനുള്ള ബാങ്ക് വിളി ഉയരുന്നു. ഒപ്പം ബദരിയ ഹോട്ടലിൽനിന്ന് വെന്തമണമുള്ള കട്ടപ്പുക പുറത്തേക്ക് വമിക്കും. പുക വിറകടുപ്പിന്റെതാണ്. അതാണ് കൊതിയൂറുന്ന നെയ്ച്ചോറിന്റെയും ബീഫ് വരട്ടിയതിന്റെയും മുളകിട്ട മീൻകറിയുടെയും പൊരിച്ചതിന്റെയും മണം. ഹോട്ടലിനു പുറത്ത് ചെറിയൊരു വരാന്ത. അവിടെ പോട്രാലിച്ച പുസ്തകം നിരത്തിവെച്ചി ട്ടുണ്ടാകും. ആമിന ബുക്ക്സ്റ്റാളിന്റെയും മറ്റും പുസ്തകങ്ങൾ. അധികവും പാട്ടു പുസ്തകങ്ങളാണ്. കുറത്തിപ്പാട്ടും ഖുറൈശിപ്പാട്ടും യൂസഫ് സുലൈഖ ബീവിയുടെ പ്രണയ കാവ്യവും അമലിയാത്ത് ദീനിയാത്ത് പോലുള്ള മത പുസ്തകങ്ങളും കിട്ടും.
വ്യാഴാഴ്ച്ച. അന്നാണ് നീലേശ്വരം ചന്ത. ചന്ത ഒരു ലോകമാണ്. ചെറുകിട കച്ചവടക്കാരുടെയും പോക്കറ്റടി മുച്ചീട്ടുകളി മുതൽ അംഗനമാർവരെ ഉരസി നടക്കുന്ന ദിവസം. അന്നേ ദിവസം ബദരിയ ഹോട്ടലിൽ നല്ല തിരക്കുണ്ടാകും. എത്ര തിരക്കുണ്ടായാലും ഏത് സ്‌പെഷ്യൽ ഉണ്ടായാലും ചുമട്ടു തൊഴിലാളിയായ മയമൂച്ച ചോറെ കഴിക്കൂ. ചോറും മീൻകറിയും വറുത്തതും പപ്പടവും അച്ചാറും കൂട്ടിയുള്ള ഒരു തനി നാടനടി. മാങ്ങ സീസണിൽ പഴുത്ത മധുരമുള്ള ഒരു മാമ്പഴവും. ബദരിയ ഹോട്ടലിലെ മാങ്ങ മുറിക്ക് ഒരു പ്രത്യേകതയുണ്ട്. ചെറിയ പ്ലെയ്റ്റിൽ മുറിവിന്റെ അലങ്കാരത്തിൽ അത് പൂപോലെ വിടർന്നിരിക്കും.
കുട്ടിക്കാലം. പോട്രാലിച്ചാന്റെ പാട്ട് പുസ്തകം വെറുതെ മറിച്ചു നോക്കി അവിടെ നിൽക്കുമ്പോൾ ഹോട്ടലിന്റെ അകത്ത് വിളമ്പലിന്റെയും പ്ലെയ്റ്റിന്റെയും വർത്തമാനത്തിന്റെയും ഭക്ഷണത്തിന്റെയും ആവി പുറത്തേക്ക് ഉന്തിവരും. തുണി ഒന്നുകൂടി മുറുക്കിയുടുത്ത് ആ മണം വായുവിൽ ആസ്വദിച്ച് അങ്ങനെ…..അങ്ങനെ ഒരു കാലം. ഇപ്പോഴും മട്ടന്നൂർകാർ തന്നെയാണ് ഹോട്ടലിന്റെ നടത്തിപ്പ്. തലശ്ശേരി രുചിയുടെ കേളി നീലേശ്വരത്ത് എത്തിച്ച പാചകപ്പൊലിമ. അന്ന് കാസർകോട് ഇല്ല. എല്ലാവരും കണ്ണൂർ ജില്ലക്കാരായിരുന്നു. യാദൃച്ഛികമായി ദി ടൈംസ് ഓഫ് നോർത്തിൽ ബദരിയ ഹോട്ടലിന്റെ പരസ്യം കണ്ടപ്പോൾ പഴങ്കാലം ഒന്ന് നാട് ചുറ്റിച്ചു. ഓർമ്മകൾ എനിക്കെന്നും പെരുമഴയാണ്. ചൂടുകാലത്ത് പൊള്ളി നടക്കുമ്പോഴും പെട്ടെന്ന് വീണു കിട്ടുന്ന പെരുമഴ. അങ്ങനെയെങ്കിലും കോരിച്ചൊരിയട്ടെ.
(ഇതൊരു പരസ്യമല്ല. ഒരിക്കലും പഴകാത്ത ഒരു കാലത്തിന്റെ മധുരസ്മരണ)