
കാസർകോട്:ചൂതാട്ട കേന്ദ്രത്തിന് സമീപം കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു മുൾക്കി സ്വദേശിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ്ഷെരീഫിൻ്റെ (50) മൃതദേഹമാണ്കുഞ്ചത്തൂർ പദവ് മഹാലിങ്കേശ്വര ക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതാണ് ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഇയാളുടെ കെ.എ. 19 എ.ഇ. 2658 നമ്പർ ഓട്ടോറിക്ഷ കിണറിന് അടുത്ത് നിർത്തിയിട്ടിരുന്നു. സംഭവം അറിഞ്ഞയുടൻ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്ന് പൊലീസ് നായയും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.ഷെരീഫിന്റെ മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തെ വൻപുള്ളി മുറി ചൂതാട്ട കേന്ദ്രം പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. ബുധനാഴ്ച രാവിലെ 11:30 മണി വരെ ഷെരീഫിനെ ഇവിടെ കണ്ടിരുന്നുവത്രെ. ഉച്ചക്ക് ഒരുമണിക്ക് ഭാര്യ ഫോണിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ മുൾക്കി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മഞ്ചേശ്വരത്ത് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.