സ്കൂട്ടി തടഞ്ഞുനിർത്തി യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയും ചെറുത്തുനിന്നപ്പോൾ സ്കൂട്ടിയും മൊബൈൽഫോണും പേഴ്സും തട്ടിയെടുക്കുകയും ചെയ്തു. ഉദുമ പാക്ക്യാരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ സൈനുൽ ആബിദിനെ (24) യാണ് കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ വൈകിട്ട് ആറേ മുക്കാലോടെ ഉദുമ ബസ്റ്റോപ്പിനടുത്ത് വെച്ചാണ് സംഭവം. അക്രമികൾ ആബിദിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കാറിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയപ്പോൾ ഇയാളുടെ 1,21000 രൂപ വില വരുന്ന സ്കൂട്ടിയും മൊബൈൽഫോണും പേഴ്സും തട്ടിപ്പറിക്കുകയായിരുന്നുവത്രെ. ഇർഷാദ് എന്നൊരാൾക്ക് ജോലി ആവശ്യാർത്ഥം നൽകിയ 500 ഡോളർ തിരികെ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യമാണ് അക്രമണത്തിന് പിന്നിലെന്ന് സൈനുൽ ആബിദ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഇർഷാദിനും അക്രമികളായ മറ്റു നാല് പേർക്കുമെതിരെ ബേക്കൽ പോലീസ് കേസെടുത്തു