കാഞ്ഞങ്ങാട്ടെ ശിശുരോഗ വിദഗ്ധൻ ഡോക്ടർ ടി വി പത്മനാഭനെ മലബാർ എക്സ്പ്രസിൽ വെച്ച് മർദ്ദിച്ച എ എസ്ഐക്ക് കോടതി പിരിയും വരെ തടവും 5000 രൂപ പിഴയും.
വടകര എഎസ്ഐ ആയിരുന്ന ടിവി രാമകൃഷ്ണനെയാണ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബിനീഷ് തടവും പിഴയും വിധിച്ചത്. പിഴയടക്കുന്ന തുക ഡോക്ടർക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചു. ഇതേ സംഭവത്തിൽ ഡോക്ടർക്കെതിരെ വടകര പോലീസ് എടുത്ത കേസിൽ കുറ്റക്കാരനല്ലെന്ന്കണ്ട ഡോ. പത്മനാഭനെ കോടതി വെറുതെ വിട്ടു.2018ലാണ് കേസ് നാസ്പദമായ സംഭവം നടന്നത്. തൃശ്ശൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മലബാർ എക്സ്പ്രസ്സിൽ നാട്ടിലേക്ക് വരികയായിരുന്ന ഡോക്ടർ മുകളിലെ ബർത്തിൽ ഉറങ്ങുകയായിരുന്നു. താഴത്തെ സീറ്റിൽ ഉച്ചത്തിൽ സംസാരിക്കുന്ന ആളോട് മെല്ലെ സംസാരിക്കാൻ പറഞ്ഞതാണ് വാക്കേറ്റത്തിലും മർദ്ദനത്തിലും കലാശിച്ചത്. മർദ്ദനത്തിൽ ഡോക്ടറുടെ പല്ല് ഇളകുകയും മൂക്കിൽ നിന്ന് രക്തം വരികയും ചെയ്തു. മർദ്ദിച്ചയാൾ വടകര സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഡോക്ടർ പോലീസിനെ വിളിച്ചു വരുത്തി. പോലീസ് രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർക്കെതിരെ മാത്രം കേസെടുത്തു. പിന്നീട് സംഭവത്തിൽ ഐ എം എ ഇടപെട്ടതോടെയാണ് എ എസ് ഐക്കെതിരെയും കേസെടുക്കാൻ പോലീസ് തയ്യാറായത്. അഞ്ചുവർഷം നടത്തിയ നിയമ പോരാട്ടത്തിൽ നീതി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടർ. ജില്ലാ ആശുപത്രി സൂപ്രണ്ടും ഐ എം എ പ്രസിഡന്റുമായിരുന്നു ഡോക്ടർ പത്മനാഭൻ.