ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം (ARM) സിനിമയുടെ വ്യാജപതിപ്പ് ചിത്രീകരിച്ചതിന് പ്രതികൾക്ക് ഒരു ലക്ഷം രൂപ ലഭിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. കോയമ്പത്തൂരിലെ തിയേറ്ററിൽ നിന്നുമാണ് ചിത്രം പകർത്തിയത്. ഐഫോൺ 14 ഉപയോഗിച്ചാണ് സിനിമ റെക്കോർഡ് ചെയ്തത്. തമിഴ് എംവി എന്ന ടെലഗ്രാം ഐഡി വഴിയാണ് സിനിമ പ്രചരിപ്പിച്ചത്. റിമാൻഡ് റിപ്പോർട്ടിലാണ് വിശദാംശങ്ങൾ ഉള്ളത്.
കേസിൽ മൂന്നാമത്തെ പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതം എന്ന് പോലീസ് അറിയിച്ചു. പ്രതികൾ ഇതുവരെ 32 സിനിമകൾ പകർത്തി വില്പന നടത്തി. സിനിമ ചിത്രീകരണത്തിനായി മാളുകളാണ് തിരഞ്ഞെടുക്കുന്നത്. റിക്ലെയിനർ സീറ്റുകൾ ഉള്ള മാളുകളിൽ പുതപ്പുകൾ കൂടി ലഭിക്കും. ഈ പുതപ്പുകളിലാണ് ക്യാമറയും മൈക്കും സെറ്റ് ചെയ്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.
സിനിമ റിലീസ് ചെയ്താല്‍ കഴിയുമെങ്കില്‍ അതേദിവസം തന്നെ ചിത്രീകരിക്കുന്നതാണ് സംഘത്തിന്റെ രീതി. തമിഴ്‌നാട്ടിലെയും ബെംഗ്ളൂരുവിലെയും മള്‍ട്ടിപ്ലക്സ് തിയറ്റുകളാണ് പൊതുവേ ഇതിനായി തിരഞ്ഞെടുക്കുന്നത്. ക്യത്യമായി ദൃശ്യങ്ങളും മെച്ചപ്പെട്ട സൗണ്ടും ലഭിക്കണമെങ്കില്‍ മധ്യഭാഗത്തെ സീറ്റുകള്‍ ലഭിക്കണം. അതിനായി മധ്യനിരയില്‍ തന്നെയാവും ടിക്കറ്റ് ബുക്ക് ചെയ്യുക. നാലോ അഞ്ചോ പേര്‍ ചേര്‍ന്നായിരിക്കും ടിക്കറ്റെടുക്കുക. ഈ വിധം തൊട്ടടുത്ത സീറ്റുകളിലായി ബുക്ക് ചെയ്യുകയും സംഘത്തിലെ തന്നെ ആളുകള്‍ സുരക്ഷ ഒരുക്കുന്നതുമാണ് രീതിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കഴിഞ്ഞ ദിവസമാണ് എആര്‍എം വ്യാജ പതിപ്പ് പുറത്തിറങ്ങിയ സംഭവത്തില്‍ തമിഴ്നാട് തിരുപ്പൂര്‍ സത്യമംഗലം സ്വദേശികളായ കുമരേശനും പ്രവീണ്‍ കുമാറുമാണ് പിടിയിലായത്. സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കര്‍ണാടകയില്‍ നിന്ന് പ്രതികള്‍ പിടിയിലാകുന്നത്.