മലപ്പുറം: പിതാവിനെപ്പോലെ സ്നേഹിച്ചിരുന്ന മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് പിവി അൻവർ, കത്തിജ്വലിച്ചസൂര്യനെ പോലെയായിരുന്ന മുഖ്യമന്ത്രി എന്നാൽ ആ സൂര്യൻ ഇപ്പോൾ കെട്ടുതുടങ്ങി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്നും പൂജ്യം ആയി ചുരുങ്ങിയതായും അൻവർ പറഞ്ഞു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി കള്ളനാണെന്നും എഡിജിപിയെ മുഖ്യമന്ത്രി താലോലിച്ചു തലയിൽ വെക്കുന്നു എന്നും പി വി അൻവർ എംഎൽഎ ആരോപിച്ചു.മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായിട്ടാണ് പിവി അൻവര്‍ വാർത്താ സമ്മേളനം നടത്തിയത്. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.
മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്‍റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്‍പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരും. സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാൽ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല.