നിലേശ്വരം: എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവർത്തകയുമായ അനുപമ ബാലകൃഷ്ണന് വിദ്യാഭ്യാസത്തിൽ പി എച്ച് ഡി .വിദ്യാഭ്യാസ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രവർത്തനപാക്കേജ് പരീക്ഷിച്ച് വിജയിച്ചാണ് മംഗലാപുരം ശ്രീനിവാസ് യൂനിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയത്. കൊറോണ കാലത്ത് കണ്ണപുരം പഞ്ചായത്ത് പരിധിയിലെ കുട്ടികളിൽ നവചേതന ഗ്രന്ഥാലയത്തിന്റെ കീഴിൽ ചോദ്യോത്തരരീതിയിൽ ഉള്ള ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ച് അതിലൂടെ പത്തോളം പുസ്തകങ്ങൾ വികസിപ്പിച്ച് ഡിജിറ്റൽ രൂപത്തിൽ പ്രകാശനം ചെയ്തിരുന്നു.കേരളത്തിലെ മുപ്പതോളം വിഷയവിദഗ്ധർ ആയിരുന്നു അന്ന് ഓൺലൈൻ ആയി ക്ളാസുകൾ നയിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആദ്യ ഡിജിറ്റൽ പുസ്തകം ‘ബഹിരാകാശ വിസ്മയങ്ങൾ’ പ്രകാശനം ചെയ്തു. വാട്സാപ്പ് എന്ന സോഷ്യൽ മീഡിയ സങ്കേതത്തിലൂടെ ഒരു കൂട്ടം ചോദ്യക്കുട്ടികൾ നിറഞ്ഞ ഓൺലൈൻ ക്ലാസ്സ് മുറി ഒരുക്കിയാണ് ഇരുന്നൂറ്റിമുപ്പതോളം വീടുകളെ ബന്ധിപ്പിച്ച് കൊണ്ട് ഈ വിദ്യാഭ്യാസ പരിപാടി ചെയ്തത്. ഈ പഠനത്തിന്റെ വിജയത്തിന് ശേഷം അത് വരെ ചെയ്ത ഗവേഷണവിഷയം മാറ്റി പുതിയ ഒരു വിഷയമേഖലയിലേക്ക് കടക്കുകയായിരുന്നു.കുട്ടികളുടെ മെറ്റാകോഗ്നിറ്റീവ് സ്കില്ലുകൾ ഗൂഗിൾ ക്ളാസ് റൂം ഉപയോഗിച്ചു വികസിപ്പിക്കുന്നതിനാവശ്യമായ ഒരു പ്രവർത്തന പാക്കേജ് ‘ബാലൻസ് പാരഗൺ’ എന്ന പേരിൽ നിർമ്മിച്ച് പരീക്ഷിക്കുകയായിരുന്നു. അഞ്ചോളം സ്ക്കൂളുകളിലെ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഓൺലൈനായി പങ്കെടുപ്പിച്ച് കൊണ്ടും ഒരു സ്ക്കൂളിലെ മുഴുവൻ കുട്ടികളെ നേരിട്ട് പങ്കെടുപ്പിച്ച് കൊണ്ടും ആണ് മെറ്റാ കോഗ്നിറ്റീവ് സ്കില്ലുകൾ വികസിപ്പിക്കുന്നതിലെ ഗൂഗിൾ ക്ളാസ് റൂം സാധ്യത തെളിയിച്ചത്.”എഫക്ടീവ്നെസ് ഓഫ് ഗൂഗിൾ ക്ളാസ് റൂം ബേസ്ഡ് ഇന്ററാക്ടീവ് ഇൻസ്ട്രക്ഷണൽ സ്ട്രാറ്റജി ഫോർ എൻഹാൻസിംഗ് മെറ്റാ കോഗ്നിറ്റീവ് സ്കിൽസ് ആന്റ് ഇന്ററസ്റ്റ് എമംഗ് അപ്പർ പ്രൈമറി സ്ക്കൂൾ സ്റ്റുഡന്റ്സ് ഇൻ കേരള” എന്നതായിരുന്നു ഗവേഷണ വിഷയം.മംഗലാപുരം ശ്രീനിവാസ് യൂനിവേഴ്സിറ്റിയിലെ രജിസ്ട്രാർ ഡോക്ടർ ജയശ്രീ കെ ബോളാറിന്റെ കീഴിൽ കഴിഞ്ഞ ആറ് വർഷങ്ങൾ കൊണ്ടാണ് ഗവേഷണം പൂർത്തിയാക്കിയത്. അനുപമയുടെ ചെറുകഥകൾ, ലേഖനങ്ങൾ എന്നിവയ്ക്ക് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.വെള്ളോറയിലെ പരേതരായ വിവി രാഘവൻ മാസ്റ്ററുടേയും എ.കെ ലളിതടീച്ചറുടേയും മകളാണ്.കെ.സി.സി.പി.എൽ.എം.ഡി ആനക്കൈ ബാലകൃഷ്ണൻ ആണ് ജീവിതപങ്കാളി.ഡൽഹിയൂനിവേഴ്സിറ്റി എൽ എൽ ബി വിദ്യാർത്ഥിനി തേജസ്വിനി ബാലകൃഷ്ണൻ,സിഎ വിദ്യാർത്ഥി സൂര്യതേജസ്സ് എന്നിവർ മക്കളാണ്.