കാഞ്ഞങ്ങാട്: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയെയും പാർട്ടിയുടെ എം എൽ എ തോമസ് കെ തോമസിനെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനുള്ള ആന്റണി രാജു എം എൽ എ യുടെ നടപടി രാഷ്ട്രീയ തറവേലയാണെന്ന് എൻ.സി.പി.എസ് കാസർകോട് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റിദ്ധരിപ്പിക്കാൻ മുന്നണി മര്യാദ പോലും ലംഘിച്ചു കൊണ്ട് ആന്റണി രാജു കാണിച്ച തറവേല ജനാധിപത്യ കേരളം തിരിച്ചറിയും. ആർ.എസ്.പിയുടെ കോവൂർ കുഞ്ഞുമോൻ ആരോപണ നിഷേധിച്ചിട്ടും ആന്റണി രാജു മലക്കം മറിയുന്നത് മറ്റെന്തോ ഗൂഢലക്ഷ്യം മുന്നിൽക്കണ്ടാണ്. കേരളത്തിൽ എൻ സി പി എസ് അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുന്നതിൽ വിറളി പൂണ്ടാണ് കെട്ടിച്ചമച്ച ആരോപണങ്ങൾ കെട്ടിച്ചമക്കുനത്. എൻ സി പി പാർട്ടിയിൽ മന്ത്രി സ്ഥാനം മാറുന്നത് സംബന്ധിച്ച് യാതൊരു പ്രശ്നവും നിലവിലില്ല. ചർച്ചകളിലൂടെ യോജിച്ച തീരുമാനം എടുത്താണ് പാർട്ടി മുന്നോട്ടുപോകുന്നത്. പാർട്ടി തീരുമാനം അനുസരിച്ചു പ്രവർത്തിക്കുന്നവരാണ് എൻ സി പിയുടെ രണ്ട് എം എൽ എ മാരെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സംസ്ഥാന ഭാരവാഹികളായ സി.ബാലൻ, ബെന്നി നാഗമറ്റം, ടി നാരായണൻ,ഒ. കെ ബാലകൃഷ്ണൻ, ഉദിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, എ. ടി വിജയൻ, എ വി അശോകൻ, സീനത്ത് സതീശൻ, ബ്ലോക്ക് പ്രസിഡന്റുമാരായ എം ടി പി ഹാരിസ്, രാഹുൽ നീലാങ്കര, നാസർ പള്ളം, ഉബൈദുല്ല കടവത്ത്, മുഹമ്മദ് കൈകമ്പ എന്നിവർ പ്രസംഗിച്ചു.