പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി എൽ ൻ്റെ പ്രവർത്തനം സംബന്ധിച്ച് ഓരോ മാസവും സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിൻ്റെ ഭാഗമായി കമ്പനിയുടെ ഓരോ പ്രൊജക്റ്റുകളും പ്രവർത്തനങ്ങളും സംബഡിച്ച ആക്ഷൻ പ്ലാൻ കെ.സി.സി.പിഎൽ ലും വ്യവസായ വകുപ്പും തമ്മിൽ ഒപ്പിട്ടു. വ്യവസായ വകുപ്പ് പ്രൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനിഷ് ഐ.എ.എസും കെ.സി.സി.പി എൽ മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണനും തമ്മിലാണ് ആക്ഷൻ പ്ലാൻ ഒപ്പിട്ടത്. ആദ്യമായിട്ടാണ് കേരള സംസ്ഥാന പൊതുമേഖലയിൽ സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ആക്ഷൻ പ്ലാൻ സംബന്ധിച്ച് എം.ഒ.യു. ഒപ്പിടുന്നത്. ഇതിൻ്റെ ഭാഗമായി കമ്പനിയുടെ പ്രവർത്തനം ഓരോ മാസവും സർക്കാർ തലത്തിൽ വിലയിരുത്താനും അതിനനുസരിച്ച് കൂടുതൽ പുരോഗതി കൈവരിക്കുന്നതിനായി നിർദ്ദേശങ്ങൾ നൽകാനും സർക്കാരിനു കഴിയും.
കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ആനി ജൂല തോമസ് ഐ.എ.എസ് ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ.അജിത്കുമാർ, ബി.പിടി സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ ആശുപത്രികളിൽ ഉപയോഗിക്കോണ്ട നിരവധി സൊലൂഷൻസ് ഉദ്പാദിപ്പിക്കുന്നതിനായി കണ്ണപുരത്ത് ആൻറി സെപ്റ്റിക് & ഡിസ്ഇൻഫ്കൻ്റ് കോംപ്ലക്സിൻ്റെ ശിലാസ്ഥാപനം ജൂൺ 28 ന് വൈകുന്നേരം 3 മണിക്ക് കെ.സി.സി പി എൽ ചെയർമാൻ ടി.വി.രാജേഷ് നിർവ്വഹിക്കും. 2.4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട് . ആറു മാസത്തിനകം പദ്ധതി പൂർത്തീകരിക്കാൻ കഴിയും.
പാലക്കാട് കഞ്ചിക്കോട് പെട്രോൾ പമ്പ് കാസർക്കോട് കരിന്തളം പെട്രോൾ പമ്പ് എന്നിവയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. അടുത്ത മാസം രണ്ടു പെട്രോൾ പമ്പുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. 4 മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയും. വിവിധ വൈവിധ്യവൽക്കരണ പദ്ധതികളിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച പ്രവർത്തനവുമായി കെ.സി.സി.പി.എൽ മുന്നേറുകയാണ്.