നീലേശ്വരം:ചരിത്രാതീത സമൂഹങ്ങൾ മുതൽ സമകാലിക സംസ്കാരം വരെ, സാംസ്കാരിക മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിലും വ്യക്തിഗത സ്വത്വങ്ങളെ നിർവചിക്കുന്നതിലും പുസ്തകങ്ങള്‍ നിർണായകമാണ്, പ്രത്യേകിച്ച് ചരിത്ര പുസ്തകങ്ങള്‍. ആ ഗണത്തിലേക്ക് ചേര്‍ക്കാവുന്ന ഒരു പുസ്തകവുമായി വരികയാണ് നീലേശ്വരത്തെ സി അമ്പുരാജ്. ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ എന്നു പേരിട്ടിരിക്കുന്ന പുസ്തകം 28ന് വൈകിട്ട് 2 30 ന് നീലേശ്വരം മിനി കോൺഫറൻസ് ഹാളിൽ മുൻ എം പി, പി കരുണാകരൻ എഴുത്തുകാരൻ പി വി ഷാജികുമാറിന് നൽകി പ്രകാശനം ചെയ്യും. പ്രൊഫ. കെ പി ജയരാജൻ അധ്യക്ഷനാവും.കെ ബാ ല കൃ ഷ്ണൻ പുസ്തക പരിചയം നടത്തും.
പേരില്‍ നിന്നുതന്നെ പുസ്തകം അടയാളപ്പെടുത്തുന്ന ചരിത്രം ആരുടേതെന്ന് വ്യക്തമാകുന്നുണ്ട്. കേരളത്തിലെ, വിശിഷ്യ ഉത്തരകേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജീവിതത്തിലെ അവിസ്‌മരണീയമായ ഏടുകളാണ് ഇതിന്റെ ഉള്ളടക്കം. ‘ചോപ്പിന്റെ സമരസാക്ഷ്യം ഒറ്റവാക്കില്‍ പറഞ്ഞാല്‍ മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകമാണ്’ എന്ന് അവതാരികയില്‍ മുന്‍ എം എല്‍ എ കെ പി സതീഷ്ചന്ദ്രന്‍ പറഞ്ഞുവയ്ക്കുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സെല്ലിന്റെ സെക്രട്ടറിയായ പി കൃഷ്ണപിള്ള, പാവങ്ങളുടെ പടത്തലവന്‍ എ കെ ജി, ഇ എം എസ് മുതല്‍ അമ്പുരാജിന്റെ ജന്മനാടായ കയ്യൂരിലെയും നീലേശ്വരത്തെയും സമീപഗ്രാമങ്ങളിലെയും ത്യാഗധനരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ജീവിതത്തിലെ ഹൃദയസ്പര്‍ശിയായ അധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാനാവും.
വടക്കേ മലബാറില്‍ നിന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന കരിവെള്ളൂര്‍ സമര നായകന്‍ എ വി കുഞ്ഞമ്പു, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ദേവയാനി, ആദ്യകാല കമ്മ്യൂണിസ്റ്റും ഇന്നത്തെ കാസര്‍കോട് ജില്ല ഉള്‍പ്പെട്ട പഴയ കാസര്‍കോട് താലൂക്ക് പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കെ മാധവന്‍, വി വി കുഞ്ഞമ്പു, ടി എസ് തിരുമുമ്പ്, എന്‍ ജി കമ്മത്ത്, മടിക്കൈ കുഞ്ഞിക്കണ്ണന്‍, ടി കെ ചന്തന്‍, എന്‍ കെ കുട്ടന്‍, എം എസ് നമ്പൂതിരി, സി കൃഷ്ണന്‍ നായര്‍, കനിംകുണ്ടില്‍ അപ്പുക്കാരണവര്‍, പരമേശ്വരി അന്തര്‍ജനം, വടക്കംതോട്ടത്തില്‍ അമ്പാടി, ചന്തു ഓഫീസര്‍, പി അമ്പാടി, ചിണ്ടേട്ടന്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാക്കളുടെ ജീവിതത്തെ അമ്പുരാജ് തന്റേതായ ശൈലിയില്‍ അനുസ്മരിക്കുന്നു. അമ്പുരാജിന്റെ രാഷ്ട്രീയ-സാഹിത്യ ജീവിതത്തില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ കമ്മ്യൂണിസ്റ്റ് സാംസ്കാരിക നായകനും കവിയും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന എം എന്‍ കുറുപ്പിനെക്കുറിച്ച് എഴുതിയ ഭാഗങ്ങള്‍ക്ക് വൈകാരികതയുടെ സ്‌പര്‍ശമുണ്ട്. കയ്യൂര്‍, പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍ എന്നീ കേരളത്തെ സ്വാധീനിച്ച മൂന്ന് ചരിത്ര സംഭവങ്ങളെ വിശദീകരിക്കുന്ന ഭാഗങ്ങള്‍ ഇതില്‍ വ്യത്യസ്ത കാഴ്ചപ്പാടില്‍ നമുക്ക് വായിക്കാനാവും. പാലക്കാട് നിന്നുള്ള കരിമ്പന പുസ്തകം ആണ് ചോപ്പിന്റെ സമരസാക്ഷ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
ദേശാഭിമാനി ബാലരംഗത്തിലൂടെയാണ് അമ്പുരാജ് എഴുത്തിലേക്ക് രംഗപ്രവേശം നടത്തിയത്. എം എന്‍’കുറുപ്പിന്റെ സ്നേഹമസൃണമായ ഉപദേശങ്ങളും നിര്‍ദേശങ്ങളും കൈത്താങ്ങായി മാറി. ദേശാഭിമാനി ബാലസംഘം, വിദ്യാത്ഥി-യുവജന പ്രസ്ഥാനങ്ങളില്‍ സജീവ പ്രവര്‍ത്തകനായിരുന്ന അമ്പുരാജ് 1974 മുതൽ സിപിഐ എം അംഗമാണ്. ശന്തനുവിന്റെ പക്ഷി (കഥാസമാഹാരം), മരിച്ചവരുടെ മനുഷ്യൻ (കഥാസമാഹാരം), നരിത്തലയുള്ള നാലണ (ഓർമ്മ, യാത്ര) തീയ്യക്കുഞ്ഞിന്റെ ചൂട്ട് (നോവല്‍) എന്നിവയാണ് അമ്പുരാജിന്റെ മറ്റു കൃതികള്‍.