കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിലെ ചെർക്കള ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും ചെങ്കള എഎൽപി സ്‌കൂളിലും കള്ളവോട്ട് ചെയ്‌തതായി ആരോപണം.ഉദ്യോഗസ്ഥരും എൽഡിഎഫ് ഏജന്റുമാരും എതിർത്തെങ്കിലും ഭീഷണിപ്പെടുത്തി കള്ളവോട്ട് ചെയ്യുകയായിരുന്നു എന്നാണ് എൽഡിഎഫിന്റെ ആരോപണം. ചെർക്കള ഗവ. ഹയർസെക്കൻഡറിയിലെ 111, 112, 113, 114,115 നമ്പർ ബൂത്തുകളിലും ചെങ്കള എഎൽപി സ്‌കൂളിലെ 106, 107 നമ്പർ ബൂത്തുകലിലുമാണ് കള്ളവോട്ടുകൾ നടന്നതായി ആരോപണമുയർന്നത്.
കുമ്പള പേരാലിൽ 160-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ എൽഡിഎഫ് പരാതിപ്പെട്ടതോടെ ഇവർ ബൂത്തിൽനിന്നും ഇറങ്ങിയോടി.
ചെങ്കളയിലെയും ചെർക്കളയിലെയും കള്ളവോട്ട് സംബന്ധിച്ച് എൽഡിഎഫ് പാർലമെന്റ് മണ്ഡലം കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ വരണാധികാരി കൂടിയായ കലക്ടർ കെ ഇമ്പശേഖറിന് പരാതി നൽകി. ചെർക്കള ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ ചെർക്കള സെൻട്രൽ 115 നമ്പർ ബൂത്തിൽ കള്ളവോട്ട് നടക്കുന്നതായുള്ള പരാതിയിൽ നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ അറിയിച്ചു. വെബ്കാസ്റ്റിംഗ് ദൃശ്യങ്ങൾ കൃത്യമായി ലഭിക്കുന്നതിന് അലൈൻമെൻ്റ് കൃത്യമാക്കി പ്രശ്നം പരിഹരിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു സി പി ഐ എം ചീഫ് ഏജൻ്റാണ് പരാതി നൽകിയത്.