സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ കൂട്ടരാജി. മോഹൻലാൽ എഎംഎംഎ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി.
ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ എഎംഎംഎയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എഎംഎംഎയിലെ അംഗമെന്ന് പറയുന്നതുതന്നെ അപമാനമായി മാറുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. നിലപാടും നടപടിയും വൈകിച്ചു ഇനിയും നാണക്കേട് ക്ഷണിച്ചു വരുത്തരുതെന്ന ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.
ആരോപണ വിധേയരില്‍ നിന്ന് വിശദീകരണം ചോദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ആവശ്യം. എക്സിക്യൂട്ടീവ് ചേരാതെ എങ്ങനെ വിശദീകരണം തേടുമെന്നാണ് മറ്റൊരു വിഭാഗം ഉന്നയിച്ചിരുന്ന ചോദ്യം. എക്സിക്യൂട്ടീവ് യോഗം നീണ്ടു പോകുന്നതിലും എഎംഎംഎയിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.
എന്നാല്‍ സിദ്ദിഖ് കാണിച്ചത് മാതൃകയാക്കണമെന്നാണ് പൊതുവിലെ ആവശ്യം. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇത് മാതൃകാപരമായ നിലപാടാണെന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയത് മാന്യമായ സമീപനം, ആരോപണമുന്നയിച്ച നടിക്കെതിരെ നിയമനടപടി സ്വീകരിച്ചതും മാതൃകാപരമാണെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.
നിരപരാധിത്വം ഉറപ്പുണ്ടെങ്കില്‍ മറ്റ് ആരോപണ വിധേയരും ഇതേ രീതി പിന്തുടരണം. നിരപരാധികളെ കൂടി കരിനിഴലില്‍ നിര്‍ത്തുന്നതാണ് നിലവിലെ അവസ്ഥ. ഭാരവാഹികള്‍ ഇതിന് കൂട്ടുനില്‍ക്കരുതെന്നും എഎംഎംഎയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് ഭറണസമിതി പിരിച്ചുവിട്ടുകൊണ്ടുള്ള നീക്കം.