ആലപ്പുഴയിലെ ഏഴാംക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവർക്കെതിരെയാണ് മണ്ണഞ്ചേരി പോലീസ് കേസ് എടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.
അന്വേഷണ പുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾ കൂടി ചുമത്തും എന്ന് പോലീസ്. ഈ മാസം 15നാണ് ആലപ്പുഴ കാട്ടൂരിൽ 13 വയസ്സുകാരൻ സ്കൂൾ വിട്ടു വന്നശേഷം യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ക്ലാസിൽ താമസിച്ചു എത്തിയതിന് അധ്യാപകരുടെ ശിക്ഷാനടപടിയിൽ മനം നൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും മൊഴി.
നേരത്തെ അധ്യാപകരെ സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. സംഭവ ദിവസം, അവസാന പീരീഡിൽ കാണാതായ പ്രജിത്തിനെയും സഹപാഠി അജയിനേയും അന്വേഷിച്ച് അധ്യാപകർ സ്കൂളിലെ മൈക്കില് അനൗൺസ്മെന‍്റ് നടത്തിയിരുന്നു. തുടർന്ന് ക്ലാസിലെത്തിയ വിദ്യാർഥികളെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു. സ്കൂൾ വിട്ടപ്പോഴും ഇതേ അധ്യാപകനും അധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർഥികൾ കാൺകെ അധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്.