അജാനൂർ: 2024 – 25 സമ്പത്തിക വർഷം പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിച്ച മുഴുവൻ തുകയും ചെലവഴിച്ച് പദ്ധതി നിർവഹണത്തിലും കൈയ്യടി നേടിയിരിക്കുകയാണ് അജാനൂർ ഗ്രാമ പഞ്ചായത്ത്. നികുതി പിരിവിൽ 100 % കൈവരിച്ചിരുന്നു. പ്ലാൻ ഫണ്ട് ജനറൽ , പട്ടിക ജാതി മേഖലയിലെ വികസനത്തിനായി ലഭിച്ച പ്രത്യേക ഉദ്ദേശ ഗ്രാൻ്റ്, പട്ടിക വർഗ്ഗ മേഖലയിലെ വികസനത്തിനായി ലഭിച്ച ടി എസ് പി ഫണ്ട് എന്നിവ മുഴുവൻ തുകയും ചെലവഴിച്ച് 100% കൈവരിക്കാൻ സാധിച്ചു. കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഇനത്തിൽ ലഭിച്ച ടൈഡ് ഫണ്ട് 107 % (സ്പിൽ ഓവർ ഉൾപ്പടെ) വും ബേസിക്ക് ഫണ്ട് 48% വും ചെലവഴിച്ചു. റോഡ് നവീകരണത്തിനായി ലഭിച്ച ഫണ്ട് 61.5% റോഡിതര പ്രവർത്തികൾക്കായി ലഭിച്ച ഫണ്ട് 59.1 % വും ചെലവഴിച്ചു.
പ്ലാൻ ഫണ്ട് ഇനത്തിൽ ആകെ 3,91,87,000 (മൂന്ന് കോടി തൊണ്ണൂറ്റി ഒന്ന് ലക്ഷത്തി എൺപ്പത്തി ഏഴായിരം) രൂപയാണ് ലഭിച്ചത്. ഇതിൽ 24,39,531 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടച്ചു. 16,64,400 രൂപ അംഗൻവാടി പോഷക ആഹാരം നൽകിയ വകയിൽ സർക്കാറിലേക്ക് നൽകി. 3.5 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാക്കിയത്. കാർഷിക മേഖലയിൽ പച്ചക്കറി സ്വയം പര്യാപ്തത കൈവരിക്കാൻ മട്ടുപ്പാവ് കൃഷി, അടുക്കള തോട്ടം, പച്ചക്കറി തൈ വിതരണം, പച്ചക്കറി വിത്ത് വിതരണം, പച്ചക്കറി കൂലി ചെലവ്, ഇഞ്ചി ചേന മഞ്ഞൾ വിത്ത് വിതരണം തുടങ്ങിയവ നടപ്പിലാക്കി. കൂടാതെ തെങ്ങ് കൃഷി വികസനം , നെൽകൃഷി വികസനം, കിഴങ്ങ് കൃഷി വികസനം എന്നിവയും നടപ്പിലാക്കി. മൃഗസംരക്ഷണ മേഖലയിൽ ആടുവളർത്തൽ, മുട്ടക്കോഴി വിതരണം, കറവ പശു വിതരണം, മരുന്ന് വാങ്ങൽ, ധാതു ലവണ മിശ്രിതം നൽകൽ തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. ക്ഷീര മേഖലയിൽ പാലിന് സബ്ബ്സിഡി , കലിത്തിറ്റ വിതരണം നടപ്പിലാക്കി. മത്സ്യബന്ധന മേഖലയിൽ മുറ്റത്തൊരു മീൻ തോട്ടം പദ്ധതി നടപ്പിലാക്കി. അതിദാരിദ്ര്യ നിർമ്മാർജ്ജനം, ലൈഫ് ഭവന പദ്ധതി (ജനറൽ) , ലൈഫ് ഭവന പദ്ധതി (SC) , ലൈഫ് ഭവന പദ്ധതി (ST), ഭവന പുനരുദ്ധാരണം , വയോജന സംഗമം, ഭിന്നശേഷി സംഗമം, ബാലസഭ കുട്ടികൾക്കായി വിനോദ യാത്ര , വയോജനങ്ങളൾക്കായി മരുന്ന് വാങ്ങൽ , തുടങ്ങിയവ നടപ്പിലാക്കി. കൂടാതെ ആരോഗ്യ മേഖലിലും വിദ്യാഭാസ മേഖലയിലും നിരവധി പദ്ധതികൾ പൂർത്തികരിച്ചു.
പട്ടിക ജാതി വിഭാഗത്തിൽ 24,25,000 രൂപയാണ് ലഭിച്ചത്. അതിൽ 98,068 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടവിന് നൽകി. ബാക്കി തുകയാണ് പദ്ധതിക്കായി ചെലവഴിച്ചത്. പട്ടിക ജാതി കുടുംബകൾക്ക് സൗര റാന്തൽ , വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് , ഫർണിച്ചർ, ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾക്കായി മുഴുവൻ തുകയും ചെലവഴിച്ചു.
പട്ടിക വർഗ്ഗ വിഭാഗത്തിൽ 836000 രൂപയാണ് ആകെ ലഭിച്ചത്. അതിൽ 29,334 രൂപ ലൈഫ് ഭവന പദ്ധതി വായ്പ തിരിച്ചടവ് നടത്തി. ബാക്കി തുകയ്ക്ക് വിദ്യാർത്ഥികൾക്ക് ഫർണിച്ചർ , മെറിറ്റോറിയൽ സ്കോളർഷിപ്പ് , ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി.
കേന്ദ്ര ധനകാര്യ കമ്മീഷൻ ടൈഡ് ഗ്രാൻ്റ് ഇനത്തിൽ ലഭിച്ചത് 99 ലക്ഷം രൂപയാണ്. അതിൽ സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെ 1.07 കോടി രൂപ ചെലവഴിച്ചു. ബേസിക്ക് ഗ്രാന്റ് ഇനത്തിൽ ലഭിച്ചത് 66 ലക്ഷം രൂപയാണ്. അതിൽ 32 ലക്ഷം രൂപ ചെലവഴിച്ചു.
മെയിൻറനൻസ് ഗ്രാന്റ് റോഡ് ഇനത്തിൽ 4,18,83,000 രൂപ ലഭിച്ചു. 2,57,41,717 രൂപ ചെലവഴിച്ചു. റോഡിതര ഗ്രാൻറ് ഇനത്തിൽ ആകെ 1,54,81,000 രൂപയാണ് ലഭിച്ചത്. അതിൽ 91,51,904 രൂപയാണ് ചെലവഴിച്ചത്.
പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതികൾ നിർവ്വഹണ ഉദ്യോഗസ്ഥർ സമയബന്ധിതമായി നടപ്പാക്കിയതിൻറെ ഭാഗമായിട്ടാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.