തിരുവനന്തപുരം : ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി അഡ്വക്കറ്റ് ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ തിരഞ്ഞെടുത്തു. മന്ത്രി വി അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേർന്ന ഹജ്ജ് കമ്മിറ്റി യോഗമാണ് പുതിയ ചെയർമാനെ തിരഞ്ഞെടുത്തത്. പ്രമുഖ പണ്ഡിതനും നിയമഞനുമായ അഡ്വക്കറ്റ് ഹുസൈൻ സഖാഫി കോഴിക്കോട് മർകസ് സഖാഫത്ത് സുന്നിയ്യയുടെ വൈസ് ചാൻസിലർ കൂടിയാണ്. നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള അദ്ദേഹം യു എ ഇ പ്രസിഡന്റിന്റെ അതിഥിയായി അബുദബി സന്ദർശിച്ചിട്ടുണ്ട്. സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള മുൻ ഹജ്ജ് കമ്മിറ്റിയിലെ ആറ് പേരെ നിലനിർത്തിക്കൊണ്ടാണ് സർക്കാർ പുതിയ ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തത്. പി വി അബ്ദുൽ വഹാബ് എം പി, പി ടി എ റഹീം എം എൽ എ, മുഹമ്മദ് മുഹ്‌സിൻ എം എൽ എ, ഉമർ ഫൈസി മുക്കം, അക്ബർ പി ടി, അഡ്വ. മൊയ്തീൻ കുട്ടി, നീലേശ്വരം മുൻസിപ്പൽ വൈസ് ചെയർമാൻ മുഹമ്മദ് റാഫി പി പി തുടങ്ങിയവരെയാണ് വീണ്ടും നാമനിർദേശം ചെയ്തത്. ഇതിന് പുറമെ മർകസ് പ്രോ. ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പാലക്കാട് ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അശ്കർ കോരാട്, ജഅ്ഫർ ഒ വി, നീലേശ്വരം മുൻസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ അരിഞ്ചിറ, നൂർ മുഹമ്മദ് നൂർഷ, അനസ് എം എസ്, വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ എന്നിവരെയാണ് പുതുതായി നാമനിർദേശം ചെയ്തത്. മലപ്പുറം ജില്ലാ കലക്ടർ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗമായിരിക്കും. ഒക്‌ടോബർ 13നാണ് സി മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. മെമ്പറായി തിരഞ്ഞെടുത്തിരുന്ന കരമന ബായാറിനെ
ഒഴിവാക്കി ദക്ഷിണ കേരള ജാമ്യൂത്തുൽ ഉലമ കമ്മിറ്റി പ്രതിനിധി ഈരാറ്റുപേട്ട, സ്വദേശി മുഹമ്മദ് സ്കീറിനെ ഉൾപ്പെടുത്തി.