പി. വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവി. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.
ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതോടെയാണ് ഇന്‍റലിജന്‍സ് വിഭാഗം മേധാവിയായിരുന്ന മനോജ് എബ്രഹാമിന് പകരം ചുമതല നൽകുന്നത്.
മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ. കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോർത്തിയെന്നായിരുന്നു പി വിജയനെതിരായ ആരോപണം. എന്നാൽ എംആര്‍ അജിത് കുമാറിന്‍റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു. തുടര്‍ന്ന് പി വിജയനെ സര്‍വീസിൽ തിരിച്ചെടുക്കുകയായിരുന്നു.