മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് 7478 സീറ്റുകൾ കുറവുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാലക്കാട് 1,757 സീറ്റിന്റെയും കാസർഗോഡ് 252 സീറ്റിന്റെയും കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മറ്റു ജില്ലകളിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധി പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്ന സമിതി ജൂലൈ 5നകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകി.
റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജൂലൈ 31 നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.