പ്രായപൂർത്തിയാക്കത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് 31 വർഷം തടവിനും അറുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
തൈക്കടപ്പുറം അഴിത്തല പണ്ടാരപ്പറമ്പിൽ വീട്ടിൽ കുമാരന്റെ മകൻ പി പി മോഹനനെയാണ് (64) പോക്സോ ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവു കൂടി അനുഭവിക്കണം. 2021 ഡിസംബർ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിനു മുന്നിലൂടെ കളിക്കാൻ പോവുകയായിരുന്നു 11 വയസ്സുകാരനെ മത്സ്യത്തൊഴിലാളിയായ പ്രതി വല പിടിക്കാൻ വാ എന്നും പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കിടപ്പുമുറിയിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയും ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്.
അന്നത്തെ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ പി ശ്രീഹരിയാണ് കേസന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.പ്രതി സമാനമായ മറ്റൊരു കേസിൽ 2023 നവംബർ രണ്ടു മുതൽ തടവു ശിക്ഷ അനുഭവിച്ചു വരികയാണ്.