ചിറ്റാരിക്കാൽ:തകരാറിലായ വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കാനെത്തിയ കെ.എസ് .ഇ.ബി താൽക്കാലിക ജീവനക്കാരനെ ജീപ്പ് കൊണ്ട് ബൈക്ക് ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചിറ്റാരിക്കൽ പൊലിസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ കാവും തലയിലെ ജോസഫിന്റെ മകൻ മാരിപുറത്ത് സന്തോഷിനെയാണ് ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിൽ സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ ആലക്കോട് കാർത്തികപുരത്ത് മാവുംതട്ടയിൽ അമ്മയുടെ ബന്ധുവീട്ടിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ചിറ്റാരിക്കാൽ എസ് ഐ യു അരുണനും സംഘത്തിൽ ഉണ്ടായിരുന്നു. കെ എസ് ഇ ബി കരാർ ജീവനക്കാരനായ തയ്യേനി സ്വദേശിയായ കെ.അരുൺകുമാറിന് നേരെയാണ് ശനിയാഴ്ച വധശ്രമം ഉണ്ടായത്. ജോസഫിന്റെ വീട്ടിലെ വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കാനാണ് അരുൺകുമാർ മറ്റൊരു തൊഴിലാളിയായ അനീഷിനൊപ്പം വീട്ടിൽ എത്തിയത്. എന്നാൽ മീറ്റർ മാറ്റുന്നതിൽ വീട്ടുടമസ്ഥൻ തടസ്സവാദം ഉന്നയിച്ചു.എന്നാൽ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശപ്രകാരം അരുൺ മീറ്റർ മാറ്റി സ്ഥാപിച്ചു മടങ്ങുമ്പോഴാണ് സന്തോഷ് ജീപ്പ്കൊണ്ട് അരുൺ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തുകയും ഇരുമ്പു വടി ഉപയോഗിച്ചു തലക്കും മുഖത്തും ചെവിക്കും അടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.