
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന ശല്യമുള്ള മേഖലയിലാണ് സംഭവം.
പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.