നീലേശ്വരം: ശിൽപ്പിയും ചിത്രകാരനുമായ പ്രഭൻ നീലേശ്വരത്തിന്റെ കരവിരുതിൽ ഗണേശ ശിൽപ്പമൊരുങ്ങുന്നു. പേരോൽ ശ്രീ സാർവ്വജനിക ഗണേശോത്സവ സേവാ ട്രസ്റ്റും ആഘോഷക്കമ്മിറ്റിയും വിനായക ചതുർത്ഥി ദിനത്തിൽ നടത്തുന്ന സാർവ്വജനിക ശ്രീ ഗണേശോത്സവത്തിനു വേണ്ടിയാണ് ശിൽപ്പ നിർമ്മാണം നടത്തുന്നത്. ആറടി ഉയരവും ഒന്നര ക്വിന്റൽ തൂക്കവും വരുന്ന ഇത് ക്ലേ, പേപ്പർ, ചണച്ചാക്ക് എന്നിവ കൊണ്ടാണ് ‘ നിർമ്മിക്കുന്നത്. ഏഴ് ദിവസത്തെ ശ്രമഫലം വേണ്ടി വരുന്ന ഇതിന് അക്രിലിക് പെയിന്റാണ് ഉപയോഗിക്കുന്നത്. നീലേശ്വരം കാർത്തിക സ്കൂൾ ഓഫ് ആർട്ടിലെ ചിത്രകലാദ്ധ്യാപകനായ പ്രഭൻ അറിയപ്പെടുന്ന ശിൽപ്പി കൂടിയാണ്. ഒട്ടേറെ ശിൽപ്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ ഏഴാമത്തെ ഗണേശ വിഗ്രഹ നിർമ്മാണമാണ് നടന്നു വരുന്നത്. കൂടാതെ കറുത്ത ഗേറ്റിലെ പി.ടി രജിത്തും സഹായിയായി കൂടെയുണ്ട്. സെപ്റ്റംബർ 7- ന് നടത്തുന്ന ഗണേശോത്സവ പരിപാടി ഇക്കുറി വിപുലമായ രീതിയിലാണ് നടത്തുന്നത്.