വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിന്‍റ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടറിയേറ്റിന് മുന്നിലും വിവിധ ഓഫീസുകളിലും രാവിലെ പണിമുടക്കിന് ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും.
പ്രതിപക്ഷ സംഘടനകളും സി.പി.ഐയുടെ ജോയിൻറ് കൌൺസിലും നടത്തുന്ന പണിമുടക്കിനെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറയ്ക്കുമെന്ന് ഉത്തരവിൽ പറയുന്നു. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായി. എന്നാൽ സെക്രട്ടറിയേറ്റിൽ ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സംഘടനയുടെ അവകാശവാദം. സിപിഐ അനുകൂല സംഘടനയായ ജോയിന്‍റ് കൗണ്‍സിലിനും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കും കാര്യമായ അംഗബലമുള്ള വില്ലേജ് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, കലക്ടറേറ്റ്, മൃഗസംരക്ഷണ ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് കാര്യമായി ബാധിച്ചേക്കും.