നീലേശ്വരം: തിരക്കേറിയ പാലത്തിലേക്ക് കയറുന്ന റോഡരികിൽ ഓരോ ദിവസവും ആഴമേറുന്ന കുഴി. നീലേശ്വരം കോട്ടപ്പുറം – അച്ചാംതുരുത്തി പാലത്തിലേക്ക് കോട്ടപ്പുറം ഭാഗത്തു നിന്ന് കയറുന്നിടത്താണ് ഈ അപകടക്കുഴി. മഴത്തുടക്കത്തിനും മുമ്പ് തന്നെ രൂപപ്പെട്ട കുഴിക്ക് ഓരോ ദിവസം കഴിയുന്തോറും നീളവും വീതിയുമേറുകയാണ്. ഇതു തുടർന്നാൽ ഇതു വഴി വൈകാതെ വെള്ളമൊഴുകിത്തുടങ്ങുകയും ചെയ്യും. ഇത് അപകട സ്ഥിതിക്കും സാധ്യതയ്ക്കും ആക്കം കൂട്ടും. അപകടക്കുരുക്കിനെ കുറിച്ച് മനസിലാക്കാതെ അരികു ചേർത്തെടുക്കുന്ന നിരവധി വാഹനങ്ങളാണ് ഓരോ ദിവസവും ഇവിടെ അപകടത്തിൽ പെടുന്നത് – പ്രത്യകിച്ചും ഇരുചക്ര വാഹനങ്ങൾ. തൊട്ടടുത്തു തന്നെ ട്രാൻസ്ഫോർമറും ഉണ്ട്. കോട്ടപ്പുറം ടെർമിനലും കൂടിയുള്ള കോട്ടപ്പുറത്ത് ഇതു വഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് കയ്യും കണക്കുമില്ല. തീരദേശത്തുകൂടി പയ്യന്നൂർ ഭാഗത്തേക്ക് എളുപ്പമെത്താകുന്ന സമാന്തര പാത കൂടിയാണിത്. ഇതുവഴി കോട്ടപ്പുറം പള്ളി മുതൽ നെല്ലിക്കാത്തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രം വഴി മടക്കര വരെ നീളുന്ന റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.