നവമാധ്യമങ്ങളിലൂടെ വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി അസിഫ മൻസിലിൽ മുഹമ്മദ് ഹനീഫിനെ(20) മട്ടന്നൂർ ഡിവൈഎസ്.പി. കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ആർ.എൻ.പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി വാട്സ് ആപ്പ് സന്ദേശം നൽകി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂർ വലിയപ്പറമ്പ പി.ആർ നഗറിലെ പി.സതീശൻ്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നിരവധി പേരെ തട്ടിപ്പിനിരയാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത ഹനീഫിനെ അറസ്റ്റ് ചെയ്തത്.
ഒരു ലക്ഷം രൂപ ലോൺ വാഗ്ദാനം നൽകി പരാതിക്കാരനിൽ നിന്നും പ്രൊസസിംഗ് ഫീസായി നാല്തവണകളായി പ്രതി ഡൽഹിയിലെ ഗീതയുടെ പേരിലെ വ്യാജ അക്കൗണ്ടിലേക്ക് 1,17,000 രൂപ വാങ്ങി കബളിപ്പിക്കുകയായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ സെയ്ഫുദ്ദീൻ്റെ പേരിൽ കാഞ്ഞങ്ങാട്ടെ ബേങ്കിൽ അക്കൗണ്ട് തുടങ്ങി പണം ട്രാൻസ്ഫർ ചെയ്ത്. ഈ അക്കൗണ്ടിൽ പണം എത്തിയ ഉടൻ മെസേജ് വന്ന പ്രകാരം പ്രതി പണം കൈക്കലാക്കി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കബളിപ്പിക്കുകയായിരുന്നു. രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ 37 ലക്ഷം രൂപ കൈക്കലാക്കി ആഢംബര ജീവിതം നയിക്കുന്നതിനിടെയാണ് കൻഹങ്ങനിന്നും പോലീസ് പിടിയിലായത്.
വിവിധ ജില്ലകളിൽ ഹനീഫ് സമാനമായ രീതിയിൽ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.ഡി വൈ .എസ് .പി .കെ.വിവേണുഗോപാലിൻ്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും