തിമിരി സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ചീമേനി പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ചീമേനി പെട്ടിക്കുണ്ടിലെ കണ്ടോത്തുപുരയിൽ ദാമോദരന്റെ മകൻ കെ രാജേഷ്, (ഇന്നലെ വാർത്തയിൽ പിതാവിന്റെ പേര് തെറ്റായി അച്ചടിച്ചു വന്നിരുന്നു ഇതിൽ ഖേദം രേഖപ്പെടുത്തുന്നു ),ചീമേനി കാക്കടവ് ആമത്തലയിൽ എപികെ ഹൗസിൽ അബ്ദുൽ റഹ്മാന്റെ മകൻ എപികെ അഷറഫ് എന്നിവരെ ചീമേനി എസ് ഐ മധു അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് തിമിരി സർവീസ് സഹകരണ ബാങ്കിന്റെ ഞാണങ്കൈ ശാഖയിൽ ഇവർ മുക്കുപണ്ടം പണയം വെക്കാൻ എത്തിയത്. സംശയം തോന്നിയ ബാങ്ക് മാനേജർ കൊടക്കാട് വെള്ളച്ചാലിലെ സീതാലയത്തിൽ ഒ. പി ലങ്കേഷ് ചീമേനി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവർക്ക് മറ്റു കേസുകളിൽ ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.