ക്ഷേത്രത്തിൽ അടിച്ച് തളിക്കാൻ എത്തിയ സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിൽ വന്ന സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ എത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ കഴുത്തിൽ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്. പുലർച്ചെ അഞ്ചര മണിയോടെയാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാരായണി ക്ഷേത്രത്തിനടുത്ത് എത്താറായപ്പോൾ എതിരെ ബൈക്കിൽ വന്ന സംഘം മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. എന്നാൽ നാരായണി ധരിച്ചിരുന്നത് മുക്കുപണ്ടമായിരുന്നു. നിലേശ്വരം പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം നടത്തിവരികയാണ്.