കരിവെള്ളൂർ : പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ ബാലചന്ദ്രൻ എരവിലിൻ്റെ ‘പെരുമഴയിൽ നനഞ്ഞ് പുതു വെയിലിൽ മുളച്ച് ‘എന്ന പുസ്തകത്തെ ക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. രചനാനുഭവങ്ങൾ സദസ്സിനോട് പങ്കു വെക്കുന്നക്കുന്നതിനിടയിൽ കഥാകൃത്ത് നാട്ടു പയമകളുടെ മടിശ്ശീല കെട്ട് അഴിക്കുകയായിരുന്നു.
പണിയിടങ്ങളിൽ കുമ്പയും കല്യാണിയും പാറ്റയും തമ്മിലുള്ള സംഭാഷണങ്ങൾ ഒറ്റയാൾ നാടകം പോലെ ഹൃദയസ്പർശിയായി അവതരിപ്പിച്ചു. നാട്ടുകൂട്ടായ്മ സ്നേഹത്തിൻ്റെ ആലിപ്പഴം വർഷിക്കുന്ന കല്യാണത്തലേന്നും വീട്ടു കൂടലും തുടങ്ങി ജീവിതഗന്ധിയായ എല്ലാ നന്മകളും മുത്തശ്ശിക്കഥ പോലെ സദസ്സിന് മുന്നിൽ തുറന്നു വെച്ചു. കണ്ടത്തിലെ കൊയ്ത്തിനിടയിൽ പേറ്റുനോവ് തോന്നിയ നാരാണി കറ്റകൾ തലയിലേന്തി വീട്ടിലേക്ക് ഓടിയതും ചായ്പ്പിൽ കറ്റയിട്ടതും മറ്റേ ചായ്പിൽ കുഞ്ഞിനെ പ്രസവിച്ചതും ഗർഭിണിയായ ദിവസം തൊട്ട് ആശുപത്രിവാസം തുടങ്ങുന്ന പുതിയ തലമുറയ്ക്ക് അവിശ്വസനീയമായ അനുഭവങ്ങളായി.
യുവ കഥാകൃത്ത് അനീഷ് തിമിരി പുസ്തക പരിചയം നടത്തി. വടക്കുമ്പാട് ചന്ദ്രൻ്റെയും പടിഞ്ഞാറ്റയിൽ ഗീതയുടെയും വീട്ടുമുറ്റത്ത് ഒരുക്കിയ സ്നേഹ സന്ധ്യയിൽ അനിത കെ അധ്യക്ഷയായി. യുവകവി മനോജ് ഏച്ചിക്കൊവ്വൽ, പി ഗീത , ടി.വി. ഗിരിജ ടീച്ചർ, കെ.സി. മാധവൻ, ശശിധരൻ ആലപ്പടമ്പൻ , ഗോപി പി, കൊടക്കാട് നാരായണൻ, കെ.പി. രമേശൻ സംസാരിച്ചു.