പയ്യന്നൂർ ബൈപാസ് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ചുമതലക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും സ്ഥാപനത്തിലെ രേഖകൾ മോഷ്ടിക്കുകയും ചെയ്ത യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്നിന് സമീപത്തെ 42 കാരിയുടെ പരാതിയിൽ
പീലിക്കോട് ചൂരിക്കൊവ്വലിലെ വിന്യാസിനെതിരെയാണ് കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്. മാർച്ച് 23 ന് ഉച്ചക്ക് പന്ത്രണ്ടിന് പരാതിക്കാരിയുടെ ഓഫീസിൽ അതിക്രമിച്ച്കയറിയ പ്രതി മേശയും കാബിനും കുത്തിത്തുറന്ന് രസീത് ബുക്കുകളും വൗച്ചറുകളും പെൻഡ്രൈവുകളും മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് പ്രതി മാർച്ച് 25 ന് ഓഫീസിൽ വെച്ച് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കൈകളിൽ കയറിപ്പിടിച്ചതായും ചുമലിൽ കൈവെച്ച് പണം തന്നാൽ കൂടെ വരുമോ എന്ന് ചോദിച്ച് മാനഹാനി വരുത്തിയതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.അതേ സമയം
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ രേഖകള്‍ മോഷ്ടിച്ച് സ്ഥാപനത്തിന്റെ 12 ലക്ഷത്തോളം രൂപ വഞ്ചിച്ചതായുള്ള പ്രധാനാധ്യാപികയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.