ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തു. നീലേശ്വരം കരിന്തളം കാലിച്ചാമരം കുഞ്ഞിപ്പാറയിലെ മേലേക്കണ്ടി വീട്ടിൽ പരേതനായ ശങ്കരന്റെ മകൻ ബാലകൃഷ്ണൻ (62) ആണ് മരിച്ചത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രത്തിലെ ആനപ്പാപ്പാൻ ആയിരുന്നു ബാലകൃഷ്ണൻ. ചട്ടങ്ങള്‍ മറികടന്നാണെന്ന് ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയാണ് വനംവകുപ്പ് കേസെടുത്തത്.ഇന്നലെ വൈകുന്നേരം ആണ് സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ ബാലകൃഷ്ണനെ പിടിയാന ചവിട്ടി കൊന്നത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം. തുടര്‍ന്ന് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഇദ്ദേഹത്തിന്റെ പിതാവും ആനക്കാരനായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അടിമാലിയിൽ എത്തി യിട്ടുണ്ട്. അടിമാലി താലൂക്കാശുപത്രി മോർച്ചറിയാലാണ് മുതദേഹം ഉള്ളത്. മാതാവ്: പരേതയായ എളേരി പാറു. ഭാര്യ: എം.പി. യശോദ. മക്കൾ: ശ്രീജ (ബാനം), റീജ (കുഞ്ഞിപ്പാറ). മരുമക്കൾ: ഗോപി (ബാനം), ശെൽവരാജ് തമിഴ്നാട് ( പാണത്തൂർ). സഹോദരങ്ങൾ: പുഷ്പരാജൻ (പുല്ലുമല), ചന്ദ്രൻ (മൂന്നുറോഡ്).